ക്വാലാലംപുര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഫിഫയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഫുല്‍ പട്ടേല്‍. 

46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 38 വോട്ടുകള്‍ നേടിയാണ് പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

എട്ടു സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ക്വാലാലംപുരില്‍ നടന്ന 29-മത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. 2019 മുതല്‍ 2023 വരെ നാലു വര്‍ഷമാണ് ഇദ്ദേഹത്തിന്റെ കാലാവധി. 

ഇന്ത്യന്‍ ഫുട്ബോളിലെ നാഴിക്കല്ലാണ് പ്രഫുല്‍ പട്ടേലിന്റെ വിജയമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വ മികവ് ഇന്ത്യന്‍ ഫുട്ബോളിനും ഏഷ്യന്‍ ഫുട്ബോളിനും നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: praful patel elected as fifa council member first from india