ബെംഗളൂരു: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം  ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും അവരുടെ കുടുംബങ്ങൾക്കും സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആര്‍ ശ്രീജേഷ്. രാജ്യത്തെ സംരക്ഷിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഈ കിരീടം. ശ്രീജേഷ്  പറഞ്ഞു.

''ഇന്ത്യന്‍ സൈനികര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഈ കിരീടം. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ തന്നെയായിരിക്കും മറ്റാരേക്കാളും ഈ വിജയത്തില്‍ അഭിമാനം കൊണ്ടിട്ടുണ്ടാകുക'' ശ്രീജേഷ് വ്യക്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

പാകിസ്താനെതിരായ ഫൈനല്‍ കളിച്ചപ്പോള്‍ എല്ലാവരും വികാരാധീനരായിരുന്നുവെന്നും ഗ്രൗണ്ടിന് പുറത്തുള്ള വിവാദങ്ങളേക്കാള്‍ ഗ്രൗണ്ടിനകത്തെ കളിയിലാണ് താരങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും ശ്രീജേഷ് പറഞ്ഞു. പാകിസ്താനെതിരെ കളിക്കുമ്പോള്‍ വിവാദങ്ങളുണ്ടാകാതിരിക്കാന്‍ കളിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലതെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി.