കൊച്ചി: ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായ പിആര്‍ ശ്രീജേഷിന് കേരളത്തിന്റെ വരവേല്‍പ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണെത്തിയത്. 

കായികമന്ത്രി വി അബ്ദുറഹ്മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍. ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും നെടുമ്പാശ്ശേരിയിലെത്തി.

വിമാനത്താവളത്തില്‍ നിന്ന് കാലടി-പെരുമ്പാവൂര്‍-പോഞ്ഞാശ്ശേരി വഴി ശ്രീജേഷിന്റെ ജന്മനാടായ കിഴക്കമ്പലം എരുമേലിവരെ കേരളത്തിലെ കായികരംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും അടങ്ങുന്ന വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കും. തുറന്ന ജീപ്പിലാണ് ശ്രീജേഷിന്റെ യാത്ര.

വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. 1980-ന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഗോള്‍പോസ്റ്റിന് കീഴില്‍ ശ്രീജേഷിന്റെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

Content Highlights: PR Sreejesh at Kochi Hockey Bronze Medal Tokyo Olympics 2020