കിഴക്കമ്പലം: മമ്മൂട്ടി അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്. 

വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത്. ശ്രീജേഷിന് ബൊക്കെ സമ്മാനിച്ച മമ്മൂട്ടി 49 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഒളിമ്പിക് മെഡല്‍ കേരളത്തിലെത്തിച്ച താരത്തെ പ്രശംസിക്കുകയും ചെയ്തു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ സ്വീകരിച്ചപ്പോള്‍ പോലും കൈ ഇങ്ങനെ വിറച്ചിട്ടില്ലെന്നായിരുന്നു മമ്മൂക്കയില്‍ നിന്ന് ബൊക്കെ ഏറ്റുവാങ്ങുമ്പോള്‍ ശ്രീജേഷിന്റെ പ്രതികരണം.

''മമ്മൂക്ക വരുന്ന വിവരം പറഞ്ഞിരുന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ വരുന്നു എന്നാണ് അറിയിച്ചിരുന്നത്. മമ്മുക്കയെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. വീട്ടിനകത്തേക്ക് വന്നപ്പോള്‍ വിശ്വസിക്കാനായില്ല. ടെന്‍ഷന്‍ ക്കൊണ്ട് കൈ ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു.'' - ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷിന്റെ കുടുംബാംഗങ്ങളും അപ്രതീക്ഷിതമായി മമ്മൂട്ടി വീട്ടിലേക്കെത്തിയതിന്റെ ഞെട്ടലിലായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

Content Highlights: PR Sreejesh about Mammootty s visit