മല്ലപ്പള്ളി: എതിര്‍ ടീമുകളുടെ ബാസ്‌ക്കറ്റ് ലക്ഷ്യം വച്ച് കുതിക്കുമ്പോള്‍ വയനാട് പാടിച്ചിറ അരുണ്‍ അലക്സാണ്ടര്‍ക്ക് മനസ്സില്‍ മറ്റൊരു ഉന്നം കൂടിയുണ്ടായിരുന്നു. ദേശീയ ടീമിലൊരിടം അല്ലെങ്കില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ഇന്ത്യന്‍ ജേഴ്‌സിയണിയാന്‍ കഴിയാതെ കോര്‍ട്ടിനോട് വിടപറയുമ്പോള്‍ രണ്ടാമത്തേത്  മാത്രമായി ചിന്ത. കുരുന്നിലെ തുടങ്ങിയ ശ്രമമാണ് ഇന്ന് കെ.എ.എസ്. 46-ാം റാങ്ക് വരെ കൊണ്ടുചെന്നെത്തിച്ചത്. 

ബാസ്‌ക്കറ്റിനോടുള്ള കമ്പം വര്‍ധിച്ചാണ് പത്തനംതിട്ടയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടികയറിയത്. കുറിയന്നൂരിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലായിരുന്നു  പഠനം. പിന്നെ ചങ്ങനാശേരി എസ്.ബി.കോളേജില്‍ ബി.എ. എക്കണോമിക്‌സിന്  ചേര്‍ന്നു. ഒരു വര്‍ഷമേ ക്ലാസിലിരുന്ന് പഠിച്ചുള്ളൂ. പത്തൊന്‍പതാം വയസില്‍ സംസ്ഥാന പോലീസ് സേനയുടെ ഭാഗമായി. തുടര്‍ന്ന് വിദൂരപഠനത്തിലൂടെയാണ് ബിരുദം നേടിയത്. യൂത്ത്, ജൂനിയര്‍ തുടങ്ങി സംസ്ഥാന സീനിയര്‍ ടീമില്‍ വരെ  അംഗമായി. സൗത്ത് സോണിലും ഫെഡറേഷന്‍ കപ്പിലും പങ്കെടുത്തു. എം.ജി. സര്‍വകലാശാലയുടെ ജേഴ്‌സിയുമണിഞ്ഞു. ജോലി കിട്ടിയശേഷം പോലീസ് ടീമില്‍ അഞ്ച് വര്‍ഷം കളിച്ചു.

ഇപ്പോള്‍ അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി സേവനമനുഷ്ഠിക്കുന്നു. ഇടവിട്ട് അവധിയെടുത്ത് അഞ്ച് വര്‍ഷമായി ഐ.എ.എസ്. പരിശീലനത്തിലാണ്. കെ.എ.എസിനായി പ്രത്യേകം കോച്ചിങ്ങിന് പോയില്ല. കളിമതിയാക്കിയതോടെ ഐ.എ.എസ്. പരീക്ഷയിലേക്ക് കടന്നു.

നാല് തവണ പങ്കെടുത്തെങ്കിലും ഫൈനലിലെത്താനായില്ല. ഇപ്പോള്‍ കെ.എ.എസ്. പട്ടികയില്‍ വന്നു. എന്നാല്‍  യത്‌നം  തുടരുകയാണ്. ഞായറാഴ്ച ഐ.എ.എസ് പ്രിലിമിനറി പരീക്ഷ എഴുതിക്കഴിഞ്ഞ് അരുണ്‍ പറഞ്ഞു.

Content Highlights: police basket team member Arun now targets IAS