റാഞ്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ കത്ത് ധോനി തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.

വിരമിക്കല്‍ അറിയിച്ചുകൊണ്ടുള്ള ധോനിയുടെ വീഡിയോ കണ്ട് 130 കോടി വരുന്ന ഇന്ത്യക്കാര്‍ നിരാശരായെന്ന് മോദി കത്തില്‍ കുറിച്ചു. ധോനിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്തിനായി ചെയ്ത നല്ല കാര്യങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. വിരമിക്കലിനുശേഷം ധോനി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത്.

കരിയറിലെ നേട്ടങ്ങളുടെ കണക്കുകള്‍ കൊണ്ടോ വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ഓര്‍ക്കേണ്ട പേരല്ല മഹേന്ദ്രസിങ് ധോനിയെന്നും വെറുമൊരു കായികതാരം മാത്രമായി താങ്കളെ കാണുന്നത് നീതികേടാകുമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ രാജ്യത്തിനായി ചെയ്ത മഹത്തായ സേവനങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ നന്ദിയോടെ മാത്രമേ ഓര്‍ക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് താങ്കള്‍. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച ക്യാപ്റ്റന്‍. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍, ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ എന്നിങ്ങനെ മാത്രമല്ല, തീര്‍ച്ചയായും ഈ ഗെയിം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ക്കൂടി ചരിത്രം താങ്കളെ അടയാളപ്പെടുത്തും.' - മോദി കുറിച്ചു.

Content Highlights: PM Narendra Modi posted a lengthy and emotional message for MS Dhoni