ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് പിന്നാലെ സുരേഷ് റെയ്‌നയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്.

പ്രധാനമന്ത്രി അയച്ച കത്ത് കഴിഞ്ഞ ദിവസം ധോനി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്‌നയും പ്രധാനമന്ത്രിയുടെ കത്ത് പങ്കുവെച്ചിരിക്കുന്നത്. ധോനി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

'കളിക്കുമ്പോള്‍ രാജ്യത്തിനായി ഞങ്ങള്‍ ഞങ്ങളുടെ രക്തവും വിയര്‍പ്പും നല്‍കുന്നു. രാജ്യത്തെ ജനങ്ങളുടെയും എന്തിന് പ്രധാനമന്ത്രിയുടെ സ്‌നേഹത്തേക്കാളും വലിയ അഭിനന്ദനങ്ങളൊന്നുമില്ല. താങ്കളുടെ അഭിനന്ദനത്തിനും ആശംസകള്‍ക്കും നന്ദി നരേന്ദ്രമോദിജി. ഞാന്‍ അവ നന്ദിയോടെ സ്വീകരിക്കുന്നു.' - മോദിയുടെ കത്ത് പങ്കുവെച്ച് റെയ്‌ന കുറിച്ചു. 

ഇത്ര ചെറുപ്പത്തില്‍ ഊര്‍ജ്ജസ്വലനായി നില്‍ക്കുമ്പോള്‍ കളി മതിയാക്കുന്നതിനാല്‍ 'വിരമിക്കല്‍' എന്ന വാക്ക് ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി റെയ്‌നക്കുള്ള കത്തില്‍ കുറിച്ചു. 

'ക്രിക്കറ്റ് മൈതാനത്തെ ഫലപ്രദമായ ഇന്നിങ്‌സിനു ശേഷം ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് പാഡ് കെട്ടുകയാണ് താങ്കള്‍. ക്രിക്കറ്റായിരുന്നു താങ്കളുടെ ജീവിതവും ശ്വാസവും. മികച്ച ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമല്ല ആവശ്യമുള്ളപ്പോള്‍ ക്യാപ്റ്റന് വളരെ ഉപയോഗപ്രദമായ ബൗളര്‍ എന്ന നിലയിലും തലമുറകള്‍ താങ്കളെ ഓര്‍ക്കും. താങ്കളുടെ ഫീല്‍ഡിങ് ശ്രേഷ്ടവും പ്രചോദിപ്പിക്കുന്നതുമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ സമീപകാലത്ത് വന്ന മികച്ച ചില ക്യാച്ചുകളില്‍ താങ്കളുടെ വ്യക്തിമുദ്രയുണ്ട്. അത്‌ലറ്റിസത്തിലൂടെ ഫീല്‍ഡില്‍ താങ്കള്‍ രക്ഷിച്ചെടുത്ത റണ്‍സ് കണക്കാക്കാന്‍ എനിക്ക് ദിവസങ്ങള്‍ വേണ്ടിവരും.' - മോദി കുറിച്ചു. 

ഇന്ത്യയുടെ 2011-ലെ ലോകകപ്പ് വിജയത്തിലെ റെയ്‌നയുടെ സംഭാവനയും മോദി എടുത്തുപറഞ്ഞു. റെയ്‌ന എല്ലായ്‌പ്പോഴും ഒരു ടീം മാനായിരുന്നുവെന്ന് കുറിച്ച അദ്ദേഹം റെയ്‌ന എന്ന പേര് ടീം സ്പിരിറ്റിന്റെ പര്യായമാണെന്നും കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം നീണ്ട കരിയറിനു ശേഷം റെയ്‌നയ്ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

Content Highlights: PM Narendra Modi pens letter of appreciation for Suresh Raina