ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പി.വി സിന്ധുവിനെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച്ച രാവിലെ സ്വിറ്റ്സർലൻഡിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ സിന്ധു പ്രധാനമന്ത്രിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനേയും സന്ദര്‍ശിക്കുകയായിരുന്നു. 

സിന്ധുവുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം മോദി ട്വിറ്ററില്‍ പങ്കുവച്ചു. 'രാജ്യത്തിന്റെ അഭിമാനം, ഒരു സ്വര്‍ണവും ഒരുപാട് യശ്ശസും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചാമ്പ്യന്‍.' 

ചൊവ്വാഴ്ച്ച രാവിലെ പരിശീലകന്‍ ഗോപിചന്ദിനൊപ്പമാണ് സിന്ധു  ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്‌. ഇന്ത്യക്കാരി ആയതില്‍ അഭിമാനിക്കുന്നുവെന്നും കൂടുതല്‍ മെഡലുകള്‍ നേടാനായിരിക്കും ഇനിയുള്ള പ്രയത്‌നമെന്നും സിന്ധു വ്യക്തമാക്കി. വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് സിന്ധുവിന് ഒരുക്കിയിരുന്നത്.

Content Highlights: PM Narendra Modi meets PV Sindhu after her historic win