സിഡ്‌നി: ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന സിഡ്‌നി ഒളിമ്പിക് പാര്‍ക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വിമാനാപകടം.

പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ചെറു യാത്രാവിമാനം ക്രോമര്‍ പാര്‍ക്കിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു. അപകടസമയത്ത് പാര്‍ക്കില്‍ പ്രാദേശിക മത്സരങ്ങള്‍ക്കായി താരങ്ങള്‍ ഉണ്ടായിരുന്നു.

വീണപാടേ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നുവെന്നും പുറത്തെടുക്കുമ്പോള്‍ പലരും ബോധത്തില്‍ തന്നെയായിരുന്നുവെന്നും അപകടസമയത്ത് അവിടെയുണ്ടായിരുന്ന ക്രോമര്‍ ക്രിക്കറ്റ് ക്ലബ്ബ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് റോളിന്‍സ് പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റോളിന്‍സ് പറഞ്ഞു.

പര്യടനത്തിനായി നവംബർ 12ന് ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ശനിയാഴ്ച ആദ്യ ഔട്ട്ഡോര്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ടീം അംഗങ്ങള്‍ക്കായി നടത്തിയ കോവിഡ് പരിശോധനയില്‍ എല്ലാവരും നെഗറ്റീവായതോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.

Content Highlights: Plane crashes 30 km away from Indian team s hotel in Sydney