ന്യൂഡല്‍ഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്ത്. 

ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെയാണ് ചിത്രം പുറത്തുവിട്ടത്. 

ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഒരു ടോള്‍പ്ലാസയില്‍ നിന്നുള്ളതാണ് ചിത്രം. ഒരു കാറിന്റെ മുന്‍സീറ്റില്‍ സുശീല്‍ ഇരിക്കുന്നതായാണ് ചിത്രം. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ ഒളിവില്‍ പോയിരിക്കുന്നത്. 

picture of absconding murder accused Sushil Kumar sitting in a car has surfaced

സാഗറിന്റെ കൊലപാതകത്തിന് ഒരു ദിവസത്തിനു ശേഷം മെയ് ആറിന് പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് പോലീസ് വ്യക്തമാക്കി. ഈ ചിത്രത്തിന്റെ സഹായത്തോടെ കാര്‍ ട്രാക്കുചെയ്യാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലീസ്. 

കഴിഞ്ഞ ദിവസം സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാറിനെതിരേ ഡല്‍ഹി പോലീസ് ലുക്കൗട്ട് നോട്ടീസും പിന്നാലെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുശീല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 

ഒളിവില്‍ കഴിയുന്ന സുശീലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സുശീല്‍ അടക്കമുള്ളവര്‍ ഒളിവില്‍ പോയത്. മെയ് നാലാം തീയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം. 

ഇതില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് താരം ഒളിവില്‍ പോയത്. താരം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

താരത്തിനെതിരെ ഒന്നിലധികം പേരുടെ സാക്ഷി മൊഴികള്‍ ഉണ്ടെന്നും മറ്റ് ഗുസ്തി താരങ്ങള്‍ക്ക് മുന്നില്‍ സാഗര്‍ റാണ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 

Content Highlights: picture of absconding murder accused Sushil Kumar sitting in a car has surfaced