മനില: ഫിലിപ്പീന്‍സിന്റെ ഇതിഹാസതാരം മാന്നി പാക്വിയാവോ ബോക്‌സിങ്ങില്‍ നിന്ന് വിരമിച്ചു. ബോക്‌സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതല്‍ ഫിലിപ്പീന്‍സിന്റെ സെനറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. 2022 മേയ് മാസത്തില്‍ നടക്കുന്ന പ്രസിഡന്റ് ഇലക്ഷനില്‍ താരം മത്സരിക്കും. അതിന് മുന്നോടിയായാണ് ബോക്‌സിങ്ങില്‍ നിന്ന് വിരമിക്കുന്നത്.

നാല് പതിറ്റാണ്ടുകളിലായി ബോക്‌സിങ് ലോകകിരീടം നേടിയ ലോകത്തിലെ ഏകതാരമാണ് പാക്വിയാവോ. കഴിഞ്ഞ മാസം ലാസ് വേഗസില്‍ വെച്ച് നടന്ന പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലാണ് പാക്വിയാവോ അവസാനമായി മത്സരത്തിനിറങ്ങിയത്. ക്യൂബയുടെ യോര്‍ഡനിസ് യൂഗാസായിരുന്നു എതിരാളി. എന്നാല്‍ മത്സരത്തില്‍ പാക്വിയാവോ പരാജയപ്പെട്ടു. 

' എന്നെ ഞാനാക്കിയ ബോക്‌സിങ് റിങ്ങിനും എന്റെ ആരാധകര്‍ക്കും ഒരുപാട് നന്ദി. ബോക്‌സിങ് എനിക്ക് മധുരമായ പല ഓര്‍മകളും സമ്മാനിച്ചു. വളരെ വിഷമത്തോടെയാണ് ഈ തീരുമാനത്തില്‍ ഞാനെത്തിയത്. ഇപ്പോള്‍ മനസ്സ് വളരെ ശാന്തമാണ്. വരും തലമുറയോട് എനിക്ക് ഒന്നേ പറയാനുള്ളൂ. സ്വപ്‌നം കാണൂ. അതിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കൂ. ഗുഡ് ബൈ ബോക്‌സിങ്'-പാക്വിയാവോ പറഞ്ഞു. 

പാക്മാന്‍ എന്ന പേരില്‍ പ്രസിദ്ധി നേടിയ പാക്വിയാവോ ബോക്‌സിങ്ങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 12 ലോകകിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ഫ്‌ളൈ വെയ്റ്റ്, ഫെതര്‍വെയ്റ്റ്, ലൈറ്റ്‌വെയ്റ്റ്, വെല്‍ട്ടര്‍ വെയ്റ്റ് എന്നീ വിഭാഗങ്ങളില്‍ കിരീടം നേടുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് പാക്വിയാവോ. ഒപ്പം ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതിയും സ്വന്തമാക്കി. 41-ാം വയസ്സില്‍ താരം ലോകകിരീടം നേടിയിരുന്നു. 

നിലവില്‍ ഫിലിപ്പീന്‍സിലെ പി.ഡി.പി ലബാന്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ് പാക്വിയാവോ. ഫിലിപ്പീന്‍സിന്റെ ഭാവി പ്രസിഡന്റാവാനുള്ള എല്ലാ ശ്രമങ്ങളും താരം ആരംഭിച്ചുകഴിഞ്ഞു. 

Content Highlights: Philippine legend Manny Pacquiao retires from boxing