-
ലിസ്ബൺ: വടി കൊടുത്ത് അടി വാങ്ങുക എന്ന ചൊല്ല് പോലെയായിരുന്നു ശനിയാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഫിലിപ്പെ കുടീഞ്ഞ്യോയുടെ ബൂട്ടിൽ നിന്ന് ബാഴ്സലോണയുടെ വലയിൽ കയറിയ രണ്ട് ഗോളുകൾ.
ബയേണിനെതിരേ 2-8ന് നാണംകെട്ട മത്സരത്തിൽ ബാഴ്സയുടെ തോൽവിയുടെ ആഘാതം കൂട്ടിയത് ഒരു ബാഴ്സ താരം തന്നെയായിരുന്നു എന്നതാണ് രസകരമായ കാര്യം. ബാഴ്സയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബയേണിനായി കളിക്കുന്ന താരമാണ് കുടീഞ്ഞ്യോ.
2013-ൽ 8.5 ദശലക്ഷം യൂറോയ്ക്ക് ലിവർപൂളിലെത്തിയ കുടീഞ്ഞ്യോയെ 2018 ജനുവരിയിലാണ് റെക്കോഡ് തുകയായ 135 ദശലക്ഷം യൂറോയ്ക്ക് ബാഴ്സ തങ്ങളുടെ പാളയത്തിലെത്തിക്കുന്നത്. പക്ഷേ ബാഴ്സയിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്നതോടെ വളരെ പെട്ടെന്നു തന്നെ കുടീഞ്ഞ്യോ ക്ലബ്ബിന്റെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായി. മാത്രമല്ല പലപ്പോഴും ബാഴ്സ ആരാധകർ കൂവി വിളിച്ചാണ് കുടീഞ്ഞ്യോയെ കളത്തിൽ സ്വീകരിച്ചിരുന്നത്.
ബാഴ്സയിൽ റോളില്ലാതായതോടെയാണ് താരത്തെ ക്ലബ്ബ് ലോൺ അടിസ്ഥാനത്തിൽ ബയേണിന് കൈമാറിയത്. 2019-ലായിരുന്നു ഇത്. ബയേണിനായി കളിച്ച 23 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടാൻ കുടീഞ്ഞ്യോയ്ക്കായിരുന്നു.
റോളില്ലെന്ന് പറഞ്ഞ് ബാഴ്സ വിട്ടുകൊടുത്ത അതേ കുടീഞ്ഞ്യോയാണ് ചാമ്പ്യൻസ് ലീഗിലെ ബാഴ്സയുടെ തോൽവി ഭാരം കൂട്ടിയത്. 75-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരം 15 മിനിറ്റിനിടെ രണ്ടു തവണയാണ് വലകുലുക്കിയത്. ലെവൻഡോസ്ക്കിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തന്നെ ഒഴിവാക്കിയ ബാഴ്സയോടുള്ള താരത്തിന്റെ മധുര പ്രതികാരം കൂടിയായി ഈ മത്സരം.
എന്നാൽ കുടീഞ്ഞ്യോയുടെ ഈ പ്രകടനത്തിൽ ബയേണിനേക്കാൾ സന്തോഷിക്കുന്നത് ഒരുപക്ഷേ ആഴ്സണൽ ആരാധകരായിരിക്കും. വരുന്ന സീസണിൽ താരത്തെ ടീമിലെത്തിക്കാൻ ഗണ്ണേഴ്സിന്റെ പരിശീലകൻ ആർട്ടേറ്റ ശ്രമം തുടങ്ങിക്കഴിഞ്ഞു. കുടീഞ്ഞ്യോയുടെ കാര്യത്തിൽ ബാഴ്സയും ആഴ്സണലും ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. ലോണിൽ കളിക്കുന്ന താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബയേൺ ഉപേക്ഷിച്ചതോടെ ആഴ്സണലിന്റെ സാധ്യത തെളിഞ്ഞിട്ടുണ്ട്.
Content Highlights: Philippe Coutinho performance goes viral after he scores twice against Barcelona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..