ന്യൂഡല്‍ഹി: സംസ്ഥാനത്തിനുള്ളിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം സന്തോഷ് കരുണാകരന്‍ സുപ്രീം കോടതിയെ സമീപിച്ചു. 

ഏകീകൃത ബൈലോ ഇല്ലെങ്കില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്ന് റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലെ ചില ഭാരവാഹികള്‍ രണ്ട് പതിറ്റാണ്ട് ആയി പദവികളില്‍ തുടരുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

കേരളത്തിലെ 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ 12 എണ്ണത്തിലും ഈ വര്‍ഷം ഭാരവാഹി തെരെഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ആണ് ഏകീകൃത ബൈലോ വേണം എന്ന ആവശ്യവും ആയി സുപ്രീം കോടതിയില്‍ ഹര്‍ജി. ലോധ സമിതി ശുപാര്‍ശ ചെയ്ത കൂളിംഗ് ഓഫ് പീരീഡ് ഇല്ലാത്തതിനാല്‍ ജില്ലാ അസോസിയേഷനിലെ പല ഭാരവാഹികളും വര്‍ഷങ്ങള്‍ ആയി പദവികളില്‍ തുടരുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കൃത്യമായ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇല്ല. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിക്ക് ആണ് തെരഞ്ഞെടുപ്പ് ചുമതല.  അതിനാല്‍ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കുകയാണെന്ന് സന്തോഷ് കരുണാകരന്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

നിലവില്‍ ആറ് സംസ്ഥാനങ്ങളില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഏകീകൃത ബൈലോ ആണ്. ഈ സംവിധാനം കേരളത്തിലും ഏര്‍പ്പെടുത്തണം എന്ന് അഭിഭാഷകരായ പൂര്‍ണിമ കൃഷ്ണ, എം.എഫ് ഫിലിപ്പ് എന്നിവര്‍ മുഖാന്തിരം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സന്തോഷ് കരുണാകരന്‍ നല്‍കിയ ഹര്‍ജി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്‌സ്മാനിലെ എത്തിക്‌സ് ഓഫീസര്‍ തള്ളിയിരുന്നു.

Content Highlights: Petition in the Supreme Court for a unified bylaw for district cricket associations in Kerala