ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി.
ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. നടി തമന്ന ഭാട്ടിയയേയും അറസ്റ്റ് ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഓൺലൈൻ ചൂതാട്ടങ്ങൾ നടത്താനുള്ള ആപ്പുകൾ നിരോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിലേക്ക് രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാൻ കോലിയെ പോലുള്ള താരങ്ങൾക്ക് കഴിയുമെന്നും ഇക്കാരണത്താൽ കോലിക്കും തമന്നക്കുമെതിരേ നടപടിയെടുക്കണമെന്നും ഹർജിയിൽ പറയുന്നു.
ഇത്തരം ആപ്പുകൾ നിരോധിക്കാൻ കോടതി നിർദേശം നൽകണം. യുവാക്കളെ ആപ്പുകൾ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യാൻ ഓൺലൈൻ ചൂതാട്ട ആപ്പുകൾ കോലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാൽ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
ഓൺലൈനിൽ ചൂതാട്ടത്തിനായി വാങ്ങിയ കടങ്ങൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് യുവാവ് ദിവസങ്ങൾക്കു മുമ്പ് ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ഹർജി.
ജസ്റ്റിസുമാരായ സുന്ദരേഷും സൂര്യ പ്രകാശവും അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
Content Highlights: Petition Filed filed in Madras High Court Seeking Arrest Of India Captain Virat Kohli