സാവോ പോളോ: വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. പെലെ എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്ന് മകള്‍ കെലി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കെലി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ആശുപത്രിയില്‍ 
നിന്നുള്ള വീഡിയോയും പെലെയുടെ മകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്നാല്‍ പെലെ ഏതു ദിവസം ആശുപത്രി വിടുമെന്ന കാര്യം കെലി വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ച്ച ഡിസ്ചാര്‍ജ് ആകുമെന്ന് ബ്രസീലിയന്‍ മാധ്യമമായ എസ്റ്റാഡോ ഡി സാവോ പോളോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മാസത്തോളമായി നീണ്ട ആശുപത്രി വാസമാണ് ഇതോടെ അവസാനിക്കുക. 

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ ശസ്ത്രക്രിയക്ക് വിധേയനായത്. ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. സെപ്റ്റംബര്‍ നാലിന് 80-കാരനായ താരം ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. 

Content Highlights: Pele set to leave hospital after colon operation says daughter Kely