ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ ആരോഗ്യം വീണ്ടെടുക്കുന്നു. വന്‍കുടലില്‍ ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പെലെ ഉടനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് മകള്‍ കെല്ലി നാസിമെന്റോ അറിയിച്ചു. 

നിലവില്‍ ഐ.സി.യുവില്‍ കഴിയുന്ന താരത്തെ പെട്ടെന്ന് മുറിയിലേക്ക് മാറ്റുമെന്നും കെല്ലി സൂചിപ്പിച്ചു. 'ശസ്ത്രക്രിയയ്ക്ക് ശേഷം അച്ഛന്‍ സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോള്‍ വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഉടന്‍ തന്നെ ഐ.സി.യുവില്‍ നിന്നും മുറിയിലേക്ക് മാറ്റും. രണ്ട് ദിവസത്തിനകം ഞങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ'- കെല്ലി പറഞ്ഞു.

ബ്രസീലിലെ സാവോപോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. 

ലോകം കണ്ടതില്‍ വെച്ചേറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് 80 കാരനായ പെലെ. മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ (1958, 1962, 1970) നേടിയ ചരിത്രത്തിലെ ഏക താരമാണ് പെലെ. 1977-ല്‍ വിരമിക്കുന്നതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ താരം വിവിധ ക്ലബ്ബുകള്‍ക്കും രാജ്യത്തിനുമായി ആയിരത്തിലധികം ഗോളുകളാണ് നേടിയത്. 

Content Highlights: Pele Ready To Leave ICU After Tumor Removed, Says Daughter