Image Courtesy: Getty Images
റിയോ ഡി ജനീറോ: താന്‍ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ഫുട്‌ബോള്‍ ഇതിഹാസം പെലെ.
താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നുവെന്നും പെലെ വ്യക്തമാക്കി.
''ഞാന്‍ സുഖമായിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്ന രീതി തുടരും. എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ളവര്‍ക്കെല്ലാം അത് സാധാരണമാണ്. അതിനെ കുറിച്ചോര്‍ത്ത് തെല്ലും ആശങ്കയില്ല. എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്'', ഈ ഒക്ടോബറില്‍ 80 വയസ് തികയുന്ന പെലെ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥിതിയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ പറഞ്ഞിരുന്നു. ബ്രസീലിയന്‍ മാധ്യമം 'ടിവി ഗ്ലോബോ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്. 2014-ല്‍ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയാലിസിസിനായി ഐ.സി.യുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീല്‍ചെയറിലായിരുന്നു പെലെയുടെ ജീവിതം.
മൂന്നു ലോകകപ്പുകള്‍ നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തില്‍ പങ്കാളിയായത്. ഈ മെയില്‍ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്ബോള്‍ ആരാധകര്‍. മെക്സിക്കോയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം.
Content Highlights: Pele dismisses his son's claim that he is depressed and reclusive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..