Pele Photo Courtesy: AFP
റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന് എഡീഞ്ഞോ. മോശം ആരോഗ്യസ്ഥിതയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമം 'ടിവി ഗ്ലോബോ'യ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.
ഈയടുത്ത് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പെലെയ്ക്ക് പരസഹായമില്ലാതെ നടക്കാനാകില്ല. 'ഒരുകാലത്ത് രാജാവായിരുന്നു പെലെ. ഫുട്ബോളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല. അതു നാണക്കേടായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. അതാണ് വിഷാദരോഗത്തിലേക്ക് നയിച്ചത്.' അഭിമുഖത്തില്‍ എഡീഞ്ഞോ പറയുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്. 2014-ല്‍ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയാലിസിസിനായി ഐ.സി.യുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീല്‍ചെയറിലായിരുന്നു പെലെയുടെ ജീവിതം. എന്നാല്‍ നേരിയ പുരോഗതി കൈവരിച്ച അദ്ദേഹം ഇപ്പോള്‍ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്.
മൂന്നു ലോകകപ്പുകള്‍ നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തില്‍ പങ്കാളിയായത്. ഈ മെയില്‍ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്ബോള്‍ ആരാധകര്‍. മെക്സിക്കോയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം.
Content Highlights: Pele Depressed, Reclusive Because Of Poor Health Says Son Edinho
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..