ലണ്ടന്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ സംഭവ ബഹുലമായ തന്റെ കരിയറിലെ ഓര്‍മ വസ്തുക്കള്‍ ലേലംചെയ്യുന്നു. രണ്ടായിരത്തിലധികം വരുന്ന ഈ അമൂല്യശേഖരങ്ങള്‍ ലേലം ചെയ്യുന്നത് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണെന്നാണ് പെലെ  പറയുന്നത്‌. 

pele

15 -ാം വയസില്‍ സാന്റോസില്‍ തുടങ്ങിയ തന്റെ പ്രഫഷണല്‍ ജീവിതം മുതലുള്ള  വസ്തുക്കളാണ് ലേലത്തിന് വെക്കുക. ഒരോന്നിനും ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന മൂന്നു ലോകകപ്പുകളില്‍ ജേതാക്കള്‍ക്ക് നല്‍കപ്പെട്ട മെഡല്‍,1970 ലെ  ലോകകപ്പ് നേട്ടത്തിനു  പെലെക്കു നല്‍കിയ  2.73 കോടി മുതല്‍ 4 കോടിയോളം രൂപ വരെ വരുന്ന യൂള്‍സ് റിമേ അടക്കമുള്ള ട്രോഫികള്‍,  കരിയറിലുടനീളം അണിഞ്ഞ വിവിധ ജഴ്സികള്‍, 40 ലക്ഷം വിലമതിക്കുന്ന ആയിരാമത്തെ ഗോള്‍ നേടിയ പന്ത്  എന്നിവ ലേലവസ്തുക്കളില്‍ പെടുന്നു. പഴയ പാസ്‌പോര്‍ട്ടും ലൈസന്‍സും ലേലത്തില്‍ ഉള്‍പ്പെടുന്നു.  ജൂണ്‍ 7 മുതല്‍ ലണ്ടനില്‍ മൂന്നു ദിവസമായാണ് ലേലം നടത്തുന്നത്. 

pele

'ഈ തീരുമാനമെടുക്കുക ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇവ സൂക്ഷിക്കാന്‍ ധാരാളം സ്ഥലം മുടക്കേണ്ടി വരുന്നു. ഈ വസ്തുക്കള്‍ ലോകവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതല്‍ നന്മ ചെയ്യാനാവുമെന്നാണ് എന്റെ പ്രതീക്ഷ, തന്റെ മാത്രമായി ഒതുങ്ങിയിരുന്ന ഓര്‍മകള്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്ക് വെക്കാന്‍ ഇതിലൂടെ സാധിക്കും' ലേലത്തെക്കുറിച്ച് പെലെ പറഞ്ഞു. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം ബ്രസീലിലെ കുട്ടികളുടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായാണ് മാറ്റിവെക്കുന്നത്.