മ്യൂണിക്: യൂറോ കപ്പിൽ ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ കൊക്കോകോളയുടെ കുപ്പികൾ എടുത്തുമാറ്റി പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ശീതളപാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കാൻ പറഞ്ഞാണ് ക്രിസ്റ്റ്യാനോ കൊക്കോകോള കുപ്പികൾ എടുത്തുമാറ്റിയത്. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ മാർഗം പിന്തുടർന്ന് ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയും രംഗത്തുവന്നു.

ജർമനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്നെകെൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റിയാനോയെ മാതൃകയാക്കിയത്. യൂറോ കപ്പിന്റെ പ്രധാന സ്പോൺസർമാരിൽ ഒരാളാണ് ഹെയ്നെകെൻ.

ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്റുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽനിന്ന് നേരത്തെ വിട്ടുനിന്നിരുന്നു. ബർത്ഡേ പാർട്ടികളിൽ താൻ മദ്യപിക്കാറില്ലെന്നും പോഗ്ബ നേരത്തെ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. 2019-ലാണ് പോഗ്ബ ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ മനസ്സിന് കൂടുതൽ ശാന്തത നൽകാൻ ഇസ്ലാം മതത്തിന് കഴിയുന്നുണ്ടെന്ന് പോഗ്ബ പറഞ്ഞിരുന്നു. 2019-ൽ മക്ക സന്ദർശിച്ച്‌ ഉംറയും ചെയ്തു.

യൂറോ കപ്പിൽ കരുത്തർ അണിനിരക്കുന്ന ഗ്രൂപ്പിൽ ജർമനിയെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് തോൽപ്പിച്ചു. ജർമൻ താരം മാറ്റ് ഹെമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിന് വിജയമൊരുക്കിയത്.

Content Highlights: Paul Pogba follows Cristiano Ronaldo removes Heineken bottle due to Islamic belief euro 2020