മുംബൈ: മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലിന്റെ അച്ഛന്‍ അജയ്ബായ് ബിപിന്‍ചന്ദ്ര പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വസീം ജാഫര്‍, ഇര്‍ഫാന്‍ പഠാന്‍, ആര്‍പി സിങ്ങ്, ദിനേശ്‌ കാര്‍ത്തിക്, മനോജ് തിവാരി തുടങ്ങിയവര്‍ ട്വീറ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. 

യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ വിദഗ്ദ്ധ സമിതി അംഗമായ പാര്‍ഥിവ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അച്ഛന്‍ മരിച്ച വിവരം പങ്കുവെച്ചത്. അച്ഛനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ട്വീറ്റില്‍ പാര്‍ഥിവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്.

'നിങ്ങളുടെ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഈ ദു:ഖ സമയത്ത് നിങ്ങളുടെ കുടുംബത്തിനിനൊപ്പം നില്‍ക്കുന്നു'-സച്ചിന്‍ ട്വീറ്റ് ചെയ്തു. 'ഓം ശാന്തി' എന്നായിരുന്നു ആര്‍.പി സിങ്ങിന്റെ ട്വീറ്റ്. 'ധൈര്യത്തോടെ ഇരിക്കൂ' എന്ന് വസീം ജാഫര്‍ ട്വീറ്റ് ചെയ്തു. 'ഈ സങ്കടക്കടല്‍ താണ്ടാന്‍ ദൈവം ശക്തി നല്‍കട്ടെ' എന്നായിരുന്നു ഇര്‍ഫാന്‍ പഠാന്റെ പ്രാര്‍ഥന. 

പതിനേഴാം വയസ്സില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച പാര്‍ഥിവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ടെസ്റ്റില്‍ 25 മത്സരങ്ങള്‍ കളിച്ച പാര്‍ഥിവ് 31.1 ശരാശരിയില്‍ 934 റണ്‍സും ഏകദിനത്തില്‍ 38 മത്സരങ്ങളില്‍ നിന്ന് 736 റണ്‍സും നേടി. ട്വന്റി-20യില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 36 റണ്‍സ്. ഐ.പി.എല്ലില്‍ 139 മത്സരങ്ങള്‍ കളിച്ച താരം 22.6 ശരാശരിയില്‍ 2848 റണ്‍സ് നേടിയിട്ടുണ്ട്. 

 

Content Highlights: Parthiv Patels father passes away Sachin Tendulkar RP Singh and others offer condolences