ഇസ്ലാമാബാദ്: ലോക്ക്ഡൗണിനിടെ ഇസ്ലാമാബാദ് നഗരത്തിലൂടെ സൈക്കിളില്‍ കറങ്ങിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍ വിവാദത്തില്‍. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നില്‍നില്‍ക്കുന്ന താരം തന്നെ ഇത്തരത്തില്‍ നിയമലംഘനം നടത്തിയത് ജനങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഫെയ്​സ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് താരത്തെ വിവാദത്തിലാക്കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്​​ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിരക്ക് കുറഞ്ഞ നഗരത്തിലൂടെ അക്തര്‍ സൈക്കിള്‍ സവാരിക്കിറങ്ങുകയായിരുന്നു. ഇസ്ലാമാബാദ് നഗരത്തെ കുറിച്ചുള്ള വര്‍ണനകളോടെയാണ് വീഡിയോ.

വീഡിയോകളിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കാനെത്തുന്ന താരം തന്നെ സ്വന്തമായി അത് പാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം മറന്നോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അക്തറിനെതിരേ കേസെടുക്കണമെന്നുവരെ ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Shoaib Akhtar cycles in Islamabad amid lockdown