ലാഹോര്‍: സഹോദരിയെ കുറിച്ച് വേദനാജനകമായ കുറിപ്പ് പങ്കുവെച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാന്‍ മസൂദ്. കഴിഞ്ഞ ദിവസമാണ് ഷാനിന്റെ സഹോദരി മീശു മരിച്ചത്. എന്നാല്‍ സഹോദരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഷാന്‍ മസൂദിന് കഴിഞ്ഞില്ല. ആ സമയത്ത് റാവല്‍പിണ്ടിയില്‍ നാഷണല്‍ ട്വന്റി-20 കപ്പില്‍ കളിക്കുകയായിരുന്നു ഷാന്‍.

'മീശു...എന്റെ ജീവിതത്തിലെ അമൂല്യമാണ് നീ. നിന്നോട് എനിക്ക് അവസാനമായി യാത്ര പറയാന്‍ പോലും കഴിഞ്ഞില്ല. നിന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഇതിനേക്കാള്‍ മനോഹരമായൊരു സ്ഥലത്തേക്കാണ് ദൈവം നിന്നെ കൊണ്ടുപോയതെന്ന് എനിക്ക് അറിയാം. എന്റെ സഹോദരിക്കായി എല്ലാവരും പ്രാര്‍ഥിക്കണം'. 31-കാരനായ ഷാന്‍ ട്വീറ്റ് ചെയ്തു. 

ഈ ട്വീറ്റു കണ്ട് മുന്‍ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്, താരങ്ങളായ അന്‍വര്‍ അലി, ആബിദ് അലി, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ തുടങ്ങിയവര്‍ ആശ്വാസ വാക്കുകളുമായെത്തി. സഹോദരിക്ക് ജനിതക പ്രശ്‌നമാണെന്നും 30 വയസ്സുകാരിയുടെ ശാരീരിക വളര്‍ച്ചയുണ്ടെങ്കിലും മാനസികമായി കുട്ടികളെപ്പോലെയാണെന്നും നേരത്തെ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍ പറഞ്ഞിരുന്നു. 

നാഷണല്‍ ട്വന്റി-20 കപ്പില്‍ സിന്ധിനായി കളിക്കുന്ന ഷാനിന് ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.  11.83 ബാറ്റിങ് ശരാശരിയില്‍ 71 റണ്‍സാണ് ഇതുവരെ നേടിയത്. 31 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവില്‍ സിന്ധ് ട്വന്റി-20 കപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ചു. 

 

Content Highlights: Pakistan cricketer Shan Masoods sister passes away