ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമർ അക്മലിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി വെട്ടിക്കുറച്ചു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ ഏജൻസിയാണ് ഉമറിന് വിലക്കേർപ്പെടുത്തിയത്. ഇതിനെതിരേ താരം അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് താരത്തിന് ഏർപ്പെടുത്തിയിരുന്ന മൂന്നു വർഷത്തെ വിലക്ക് 18 മാസമാക്കി കുറച്ചത്.

പാക് സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഫഖിർ മുഹമ്മദ് ഖോഖറാണ് ഉമർ അക്മലിന്റെ അപ്പീൽ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകിയത്. ഇതോടെ 2020 ഫെബ്രുവരിയിൽ നിലവിൽ വന്ന അക്മലിന്റെ വിലക്കിന്റെ കാലാവധി 2021 ഓഗസ്റ്റിൽ അവസാനിക്കും. അതിനു ശേഷം താരത്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകും.

ക്രിക്കറ്റ് ബോർഡിന്റെ അഴിമതി വിരുദ്ധ കോഡിലെ 2.4.4 നിയമം ലംഘിച്ചതിനെ തുടർന്നാണ് താരത്തിനെതിരേ നടപടിയെടുത്തത്. പാകിസ്താൻ സൂപ്പർ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചതിനെ തുടർന്നായിരുന്നു നടപടി. ടീം മാനേജരെ ഒത്തുകളി ഓഫർ വന്നാൽ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്.

Content Highlights: Pakistan batsman Umar Akmal’ s three-year ban reduced to 18 months