117 അത്‌ലറ്റുകളെ അണിനിരത്തിയ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത് സാക്ഷി മാലിക്കിന്റെ വെങ്കലവും, പി.വി സിന്ധുവിന്റെ വെള്ളിയും മാത്രമായിരുന്നു. താരങ്ങളുടെ പരിശീലനത്തിനായി സര്‍ക്കാര്‍ വേണ്ടത്ര പണം വകയിരുത്താതിരുന്നതു കൊണ്ടാണ് പ്രകടനം മോശമായതെന്ന പതിവ് പഴിചാരലും പിറകെ വന്നു. എന്നാല്‍ ഒളിമ്പിക്‌സ് ചെലവുകള്‍ ക്രമപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (TOPS) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിയോ ഒളിമ്പിക്‌സിനായി ആകെ ചെലവഴിച്ച 36.85 കോടി രൂപയില്‍ 1.66 ശതമാനം തുകയാണ് (61.13 ലക്ഷം) രണ്ടു മെഡലുകളും രാജ്യത്തിന് സമ്മാനിച്ചത്. 

കൂടുതല്‍ തുക ചെലവഴിച്ചവര്‍ റിയോയില്‍ ദയനീയമായ പ്രകടനമാണ് കാഴ്ചവച്ചതെന്നും ടിഒപിഎസ് കണക്കുകള്‍ വ്യക്തമാക്കുന്നു. വനിത ഗുസ്തില്‍ വെങ്കലമണിഞ്ഞ സാക്ഷി മാലിക്കിനായി 15.86 ലക്ഷവും വനിത ബാഡ്മിന്റണില്‍ വെള്ളി നേടിയ സിന്ധുവിന് 45.27 ലക്ഷവുമാണ് ആകെ ചെലവഴിച്ചിരുന്നത്‌. ഏറ്റവും കൂടുതല്‍ തുക പരിശീലനത്തിനായി ചെലവഴിച്ചത് ബെയ്‌ജെങ് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ്, 2.37 കോടി. ഫൈനല്‍ യോഗ്യത പോലും നേടാനാകാതെ ഹീറ്റ്‌സില്‍ ഏഴാമതായി ഫിനിഷ് ചെയ്ത് പുറത്തായ വനിത റിലേ ടീമിന്റെ പരിശീലനത്തിനായി മാത്രം ചെലവഴിച്ചതാകട്ടെ 2.94 കോടി രൂപയും. 

ചരിത്രം സൃഷ്ടിച്ച്  ജിംനാസ്റ്റിക്‌സില്‍  ഫൈനലില്‍ എത്തിയ ദിപ കര്‍മ്മാക്കര്‍ക്ക് 12.98 ലക്ഷമാണ് ചെലവഴിച്ചത്. കഴിഞ്ഞ മൂന്നു ഒളിമ്പിക്സുകളിലും രാജ്യത്തിന് മെഡല്‍ സമ്മാനിച്ച ഷൂട്ടിങിനായി ആകെ തുകയുടെ പകുതിയും മുടക്കി. 15.39 കോടി ! അഭിനവ്ബിന്ദ്രയുടെ ഭേദപ്പെട്ട പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി 11 പേരും തീര്‍ത്തും നിറംമങ്ങി. 10 ഷൂട്ടര്‍മാര്‍ക്കുമായി 1 കോടിയിലെറെ വകയിരുത്തി. ട്രിപ്പിള്‍ ജമ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച രജ്ഞിത്ത് മഹേശ്വരിയടക്കമുള്ള അത്‌ലറ്റിക്‌സ് ടീം അംഗങ്ങളുടെ പരിശീലനത്തിനായി 7.80 കോടിരൂപയും ചെലവഴിച്ചു. മലയാളി താരം ടിന്റു ലൂക്കയ്ക്കായി 23.45 ലക്ഷവും. ഡിസ്‌കസ് താരം വികാസ് ഗൗഡയ്ക്കായി ചെലവഴിച്ചത് ഒരു കോടി രൂപക്ക് മുകളിലുമാണ്‌. 

ഗുസ്തി 2.5 കോടി, ബാഡ്മിന്റണ്‍ 3.84 കോടി, ഹോക്കി 1.16 കോടി, ടെന്നീസ് 1.92 കോടി, ആര്‍ച്ചറി 1.27 കോടി എന്നിങ്ങനെയാണ് ടിഒപിഎസ്‌ പദ്ധതിയില്‍ ഓരോ ഇനങ്ങള്‍ക്കും ചെലവഴിച്ച തുകയുടെ കണക്ക്. താരങ്ങളുടെ യാത്ര ചെലവ്, പരിശീലനം, താമസം, പരിശീലന കിറ്റ്, കോച്ചിനും സപ്പോര്‍ട്ട് സറ്റാഫിനായും ചെലവഴിക്കുന്ന തുക എന്നിവയെല്ലാം ചേര്‍ത്താണ് ടിഒപിഎസ്‌ അന്തിമ കണക്കെടുപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌. എന്നാല്‍ മറ്റുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടീമിനായി അനുവദിച്ച ആകെ തുക വളരെ കുറവാണെന്നതും വാസ്തവമാണ്.