ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി. സമയ പരിധി കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അയച്ച കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളിയത്. 

ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കാനുള്ള അവസാന ദിവസം ഈ മാസം 24 ആയിരുന്നു. അതിന് പുറമേ ഓരോ ഇനത്തിലും മത്സരിക്കുന്ന താരങ്ങളുടെ പട്ടിക അത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ലോക റാങ്കിംഗില്‍ 200ന് മുകളില്‍ ആയതിനാല്‍ തന്നെ ചിത്രക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാനുള്ള സാധ്യതയുമില്ലായിരുന്നു. 

ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തില്‍ അതീവ സങ്കടമുണ്ടെന്ന് പി.യു. ചിത്ര പ്രതികരിച്ചു. ഒരു അത്‌ലറ്റിന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ലോക ചാമ്പ്യന്‍ഷിപ്പ് പോലെ വലിയ മീറ്റുകളില്‍ മത്സരിക്കുക എന്നത്. എന്റെ ഒരു അവസരമാണ് നഷ്ടപ്പെട്ടത്. ഇനി ഒരു അവസരം ലഭിക്കുമോ എന്നറിയില്ല.

കോടതി വിധി അനുകൂലമായതിനാല്‍ ചെറിയ ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍രെ തീരുമാനം വലിയ നിരാശയും സങ്കടവും ഉണ്ടാക്കുന്നു. എങ്കിലും ഒരു ആപത്ത് വന്നപ്പോള്‍ എല്ലാവരും കൂടെ നിന്നതില്‍ അതിയായ സന്തോഷമിണ്ട്. കേരളത്തിലെ ജനങ്ങളുടെ പിന്തിണ തന്റെ വിജയമായി തന്നെ കാണുന്നുവെന്നും ചിത്ര പ്രതികരിച്ചു.

ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേരള ഹൈക്കോടതിയാണ്  ഉത്തരവിട്ടത്. ദേശീയ അത്‌ ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരിനുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ അത്‌ ലറ്റിക് ഫെഡറേഷന്‍ കത്തയച്ചത്.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും പി.യു ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. ലോകനിലവാരത്തേക്കാള്‍ എത്രയോ താഴെയാണ് ചിത്രയുടെ പ്രകടനം എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളി താരത്തെ അത്‌ ലറ്റിക് ഫെഡറേഷന്‍ ഒഴിവാക്കിയത്. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം ലോകചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ചിത്ര അയോഗ്യയായതിനാലാണ് ലണ്ടനിലേക്ക് കൊണ്ടുപോകാത്തതെന്നും ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.