ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ബ്രിട്ടനെതിരായ ഇന്ത്യയുടെ തോല്‍വി പരിശീലകന്‍ സ്യോദ് മരീനെ വലിയ രീതിയില്‍ ബാധിച്ചിരുന്നെന്ന് ഗോള്‍കീപ്പര്‍ സവിതാ പുനിയ. പൂള്‍ എയിലെ മത്സരത്തില്‍ ബ്രിട്ടനെതിരേ 4-1ന് തോറ്റതോടെ സ്യോദ് ഇന്ത്യന്‍ ടീമിനൊപ്പം ഉച്ചഭക്ഷണം പോലും കഴിച്ചില്ലെന്നും സവിത പറയുന്നു. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സവിത.

വെങ്കല മെഡലിനായുള്ള മത്സരത്തിലും ബ്രിട്ടന്‍ തന്നെയായിരുന്നു ഇന്ത്യയുടെ എതിരാളി. 4-3ന് ഇന്ത്യ പൊരുതിത്തോറ്റു. മത്സരത്തില്‍ ഗോള്‍പോസ്റ്റിന് കീഴിയല്‍ സവിത മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെങ്കലം നഷ്ടപ്പെട്ടതോടെ സങ്കടം നിയന്ത്രിക്കാനാകാതെ സവിത ഗ്രൗണ്ടിലിരുന്ന് കരഞ്ഞു.

2016 റിയോ ഒളിമ്പിക്‌സില്‍ 12-ാം സ്ഥാനം മാത്രമാണ് ഇന്ത്യ നേടിയിരുന്നത്. അതിനുശേഷം വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ ജൈത്രയാത്ര കണ്ടു. 2018 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യന്‍ ഗെയിംസ്, 2017-ലെ ഏഷ്യ കപ്പ് കിരീടങ്ങളെല്ലാം ഇന്ത്യ കൈപ്പിടിയിലൊതുക്കി.

Content Highlights: Our coach was upset after Great Britain match he did not have lunch with us says Savita Punia