മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം വ്യക്തമാക്കി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളയാളാകും ഇനിമുതല്‍ സെലക്ഷന്‍ കമ്മിറ്റിയെ നയിക്കുകയെന്ന് ഗാംഗുലി വ്യക്തമാക്കി.
എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് മതിയായ മത്സരപരിചയമില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും ഇനിമുതല്‍ ചെയര്‍മാനാകുകയെന്നും ഗാംഗുലി പറഞ്ഞു.
പുതിയ സെലക്ഷന്‍ കമ്മിറ്റിയെ കണ്ടെത്താന്‍ മൂന്നംഗ ഉപദേശക സമിതിയെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. മുന്‍ താരങ്ങളായ മദന്‍ലാല്‍, ആര്‍.പി സിങ്, സുല്‍കാഷന നായിക് എന്നിവരുള്‍പ്പെടുന്നതാണ് പുതിയ ഉപദേശക സമിതി.
അജിത് അഗാര്‍ക്കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, നയന്‍ മോംഗിയ, ചേതന്‍ ശര്‍മ, രാജേഷ് ചൗഹാന്‍, അമയ് ഖുറാസിയ തുടങ്ങിയവരാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരില്‍ പ്രമുഖര്‍.
Content Highlights: one who has played most number of Tests will be the next chief selector