Image Courtesy: Getty Images
1975-ലെ ആദ്യ പതിപ്പ് മുതല്‍ ഇന്ത്യ ഏകദിന ലോകകപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. ഏകദിനത്തില്‍ കാര്യമായ അനുഭവപരിചയമില്ലാത്ത ഇന്ത്യന്‍ ടീമാണ് പ്രഥമ ലോകകപ്പ് കളിച്ചത്. ആ ടൂര്‍ണമെന്റിനു മുമ്പ് ആകെ രണ്ടേ രണ്ട് ഏകദിന മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. 1974-ല്‍ ഇംഗ്ലണ്ടിനെതിരേ. രണ്ടിലും തോല്‍വി തന്നെയായിരുന്നു കാത്തിരുന്നത്.
പ്രഥമ ലോകകപ്പില്‍ എസ്. വെങ്കട്ടരാഘവന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ ആദ്യ മത്സരത്തില്‍ കാത്തിരുന്നതും ഇംഗ്ലണ്ട് തന്നെ. സുനില്‍ ഗാവസ്‌ക്കറുടെ 'മുട്ടലിന്റെ' പേരില്‍ പ്രശസ്തമായ ആ മത്സരത്തില്‍ 202 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയെ കാത്തിരുന്നത്.
എന്നാല്‍ 1975 ജൂണ്‍ 11-ന് ഇസ്റ്റ് ആഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാകാത്ത ഏടാണ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം എന്നതിനൊപ്പം ഏകദിന ക്രിക്കറ്റിലെ ആദ്യ ജയം കൂടി ഇന്ത്യ അന്ന് സ്വന്തമാക്കി. ആ വിജയത്തിന് ഇന്ന് 45 വയസ് തികയുകയാണ്.
60 ഓവര്‍ മത്സരങ്ങളായിരുന്നു അന്ന്. ഓരോ ബൗളര്‍ക്കും 12 ഓവറുകള്‍ വീതം. ടോസ് നേടിയ ഈസ്റ്റ് ആഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. 12 ഓവറില്‍ വെറും ആറു റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബിഷന്‍ സിങ് ബേദിയുടെ പ്രകടനം അന്ന് വേറിട്ടു നിന്നു. മത്സരത്തില്‍ എട്ടു മെയ്ഡനുകളാണ് അദ്ദേഹം എറിഞ്ഞത്. ആബിദ് അലിയും മദന്‍ലാലും അമര്‍നാഥും ചേര്‍ന്ന് ഇസ്റ്റ് ആഫ്രിക്കയെ 55.3 ഓവറില്‍ വെറും 120 റണ്‍സിന് പുറത്താക്കി.
121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തത് സുനില്‍ ഗാവസ്‌ക്കറും ഫാറൂഖ് എഞ്ചിനീയറുമായിരുന്നു. 86 പന്തില്‍ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെ 65 റണ്‍സെടുത്ത ഗാവസ്‌ക്കറും 93 പന്തില്‍ നിന്ന് ഏഴ് ഫോറുകളടക്കം 54 റണ്‍സെടുത്ത എഞ്ചിനീയറും ചേര്‍ന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത് 10 വിക്കറ്റിന്റെ ഉജ്വല വിജയമായിരുന്നു. 29.5 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. എഞ്ചിനീയര്‍ തന്നെയായിരുന്നു കളിയിലെ താരവും.
ടൂര്‍ണമെന്റിലെ അടുത്ത മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് നാലു വിക്കറ്റിന് തോറ്റ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ 17 റണ്‍സിന് തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് പ്രഥമ ലോകകപ്പ് ജേതാക്കളാകുകയും ചെയ്തു.
Content Highlights: On this day 45 years ago India register their first-ever ODI win at 1975 World Cup
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..