ട്രക്ക് ഡ്രൈവർക്ക് സമ്മാനം നൽകുന്ന മീരാബായ് ചാനു | Photo: twitter| Sonmoni Borah IAS
ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സിന്റെ ആദ്യ ദിനം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടി മീരാബായ് ചാനു ഇന്ത്യയുടെ അഭിമാനമായിരുന്നു. ഈ വെള്ളി നേട്ടത്തിന് പിന്നാലെ താരത്തെ തേടി സമ്മാനങ്ങളുടെ പെരുമഴയായിരുന്നു. എന്നാല്‍ ഈ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ചാനു വന്നവഴി മറന്നില്ല.
ടോക്യോയില്‍ നിന്ന് മെഡലുമായി മണിപ്പൂരിലെ ഇംഫാലില്‍ തിരിച്ചെത്തിയശേഷം തന്നെ പണ്ട് സഹായിച്ച ട്രക്ക് ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചാനു. കരിയറിന്റെ തുടക്കത്തില്‍ തന്റെ ഗ്രാമമായ നോങ്‌പോക് കാക്ചിങ്ങില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഇംഫാലിലെ ഖുമാന്‍ ലാംപക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് പരിശീലനത്തിനായി ചാനു പോയിരുന്നത് ട്രക്കുകളിലായിരുന്നു. പുഴയിലെ മണലുമായി പോകുന്ന ഈ ട്രക്കിലെ ഡ്രൈവര്‍മാര്‍ ചാനുവിനെ സൗജന്യമായാണ് ഇംഫാലിലെത്തിച്ചിരുന്നത്.
ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയപ്പോള്‍ അവരെ ഇന്ത്യന്‍ താരം മറന്നില്ല. ആ ഡ്രൈവര്‍മാരെയെല്ലാം കണ്ടെത്തി അവരെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണവും സമ്മാനവും നല്‍കി. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ചാനു ചര്‍ച്ചയായി. ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
ട്രക്ക് ഡ്രൈവര്‍മാരുടെ കാലില്‍തൊട്ട് ചാനു അനുഗ്രഹം വാങ്ങുന്നത് കണ്ട് കണ്ണ് നിറഞ്ഞു പോയെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രെ ട്വീറ്റ് ചെയ്തു.
Content Highlights: olympic medallist mirabai chanu touching feet of truck driver
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..