പോളണ്ടിന്റെ ജാവലിൻ ത്രോ താരം മരിയ ആന്ദ്രേസിക് | Photo: AP
വാര്‍സോ (പോളണ്ട്): എട്ടു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താന്‍ തന്റെ ഒളിമ്പിക് മെഡല്‍ ലേലത്തിനു വെച്ച് പോളണ്ടിന്റെ ജാവലിന്‍ ത്രോ താരം മരിയ ആന്ദ്രേസിക്. ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ ജാവലിന്‍ ത്രോയിലെ വെള്ളി മെഡല്‍ ജേതാവാണ് മരിയ.
പോളണ്ടിലുള്ള മിലോസെക് മാലിസ എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് ഹൃദയ സംബന്ധമായ ഗുരുതര പ്രശ്‌നം കാരണം അടിയന്ത ശസ്ത്രക്രിയ ആവശ്യമായി വന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ആശുപത്രികളൊന്നും തന്നെ ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ കാരണം ഇത് ചെയ്യാന്‍ തയ്യാറായില്ല. ഇതോടെ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ മാത്രമായി മിലോസെക് മാലിസയുടെ മാതാപിതാക്കളുടെ അവസാന പ്രതീക്ഷ.
ശസ്ത്രക്രിയക്കായി 3,85000 യു.എസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ അവസ്ഥ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കേ ആവശ്യമുള്ള തുകയുടെ പകുതി മാത്രമേ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഇതോടെയാണ് മരിയ ആന്ദ്രേസിക് സഹായവുമായി രംഗത്തെത്തിയത്.
ഒരു പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ സാബ്ക പോള്‌സ്‌ക 1,25000 ഡോളറിന് മരിയയുടെ മെഡല്‍ ലേലത്തില്‍ പിടിച്ചു. കാര്യങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല. മിലോസെക് മാലിസ എന്ന കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയും നല്‍കിയ സാബ്ക പോള്‌സ്‌ക, തങ്ങള്‍ ലേലത്തില്‍ പിടിച്ച മെഡല്‍ മരിയക്ക് തന്നെ തിരിച്ചുകൊടുക്കുകയും ചെയ്തു.
മരിയയുടെ നല്ല മനസ് കാരണമാണ് തങ്ങള്‍ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലെത്തിയത് എന്നായിരുന്നു സ്ഥാപനത്തിന്റെ പ്രതികരണം.
കാന്‍സറിനെ അതിജീവിച്ച ചരിത്രമുള്ള താരമാണ് മരിയ ആന്ദ്രേസിക്. 2018-ലാണ് താരത്തിന് എല്ലിലെ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. രോഗം നരത്തെ തന്നെ കണ്ടെത്തിയതിനാല്‍ കീമോ തെറാപ്പി ചെയ്യാതെ മരിയ രക്ഷപ്പെട്ടു. ഒരു ശസ്ത്രക്രിയ മാത്രമാണ് ആവശ്യമായി വന്നത്. വൈകാതെ കളിക്കളത്തിലേക്ക് തിരികെയെത്താനും താരത്തിനായി.
Content Highlights: Olympic medallist Maria Andrejczyk auctions silver medal to save an infant
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..