ടോക്യോ: 106 ദിവസത്തെ യാത്രയ്ക്ക് ശേഷം ഒളിമ്പിക് ദീപശിഖ ടോക്യോയില്‍ എത്തി. ഇനി രണ്ടാഴ്ച ജപ്പാനിലൂടെ ദീപശിഖ പ്രയാണമുണ്ടാകും. അതിനുശേഷം ജൂലായ് 23 ന് നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.

1964 ഒളിമ്പിക്‌സിന് വേദിയായ ടോക്യോയിലെ കൊമസാവ ഒളിമ്പിക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് ദീപശിഖ ജപ്പാന്‍ സ്വീകരിച്ചത്. മൂന്നുതവണ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഷൂട്ടര്‍ തഗുച്ചി അകിയാണ് ദീപശിഖ ഏറ്റുവാങ്ങിയത്. പക്ഷേ കാണികള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമില്ലായിരുന്നു. 

2020 മാര്‍ച്ച് 12 ന് ഗ്രീസിലെ ഒളിമ്പിയയില്‍ നിന്നുമാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. എന്നാല്‍ കോവിഡ് ലോകത്തെ പിടിച്ചുലച്ചതോടെ ദീപശിഖ ടോക്യോയിലേക്ക് അയച്ചു. ടോക്യോയിലെ ഒളിമ്പിക് മ്യൂസിയത്തിലാണ് പിന്നീട് ദീപശിഖ സൂക്ഷിച്ചത്. 

കോവിഡില്‍ നിന്നും ലോകം പതിയേ മുക്തമായി തുടങ്ങിയ സമയത്ത് ദീപശിഖ പ്രയാണം വീണ്ടും ആരംഭിച്ചു. 

Content Highlights: Olympic flame arrives in Tokyo ahead of opening ceremony on July 23