Photo: twitter.com|DDNational
വെല്ലിങ്ടണ്‍: എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗില്‍ കളിക്കാനായി ന്യൂസീലന്‍ഡ് ടീം ഇന്ത്യയിലെത്തില്ല. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ന്യൂസീലന്‍ഡ് ഹോക്കി ടീം പുതിയ തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അവസരമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. മേയ് 29, 30 തീയ്യതികളിലായി രണ്ട് മത്സരങ്ങളിലാണ് ഇന്ത്യ ന്യൂസീലന്‍ഡുമായി കളിക്കേണ്ടിയിരുന്നത്. ഭുവനേശ്വറാണ് വേദി. എന്നാല്‍ ന്യൂസീലന്‍ഡ് എത്താത്തതോടെ കളി മുടങ്ങി. ഇതോടെ ഒളിമ്പിക്സിന് മുന്‍പായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് കഴിവ് തെളിയിക്കാനുള്ള അവസരവും നഷ്ടമായി.
ജൂലായ് 23 നാണ് ഒളിമ്പിക്സ് ആരംഭിക്കുക. ഇന്ത്യയില്‍ കോവിഡ് രോഗം പെരുകിയതിനാല്‍ നേരത്തേ ഇന്ത്യയുടെ യൂറോപ്യന്‍ ടൂര്‍ മാറ്റിവെച്ചിരുന്നു. മേയ് എട്ടിനും ഒന്‍പതിനും ഇന്ത്യന്‍ ഹോക്കി ടീമിന് ഗ്രേറ്റ് ബ്രിട്ടനുമായി മത്സരമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് മൂലം ഇന്ത്യന്‍ താരങ്ങള്‍ക്ക് ബ്രിട്ടന് വിസ നല്‍കിയില്ല. അതുപോലെ സ്പെയ്നുമായും ജര്‍മനിയുമായും നടക്കേണ്ട മത്സരങ്ങളും നീട്ടിവെച്ചു.
സ്പെയ്നുമായി മേയ് 15, 16 തീയ്യതികളിലും ജര്‍മനിയുമായി മേയ് 22, 23 തീയതികളിലുമായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ മാസം ഇന്ത്യ അര്‍ജന്റീനയില്‍ കളിച്ചിരുന്നു. അന്ന് മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘം പുറത്തെടുത്തത്.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയങ്ങളുമായി ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാമതാണ്. ബെല്‍ജിയം, ജര്‍മനി എന്നീ ടീമുകളാണ് എഫ്.ഐ.എച്ച് പ്രോ ലീഗ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
Content Highlights: NZ refuses to visit India for Hockey Pro League games
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..