ബെൽഗ്രേഡ്: സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെതിരേ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിച്ച് താരത്തിന്റെ മാതാപിതാക്കൾ. ജോക്കോവിച്ച് സംഘടിപ്പിച്ച 'അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്റി'ൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ജോക്കോവിച്ചിന്റേയും ഭാര്യയുടേയും പരിശോധനാഫലം പോസിറ്റീവായി. തുടർന്ന് സെർബിയൻ താരത്തിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.

സാമൂഹിക അകലം പാലിക്കാതെയാണ് ടൂർണമെന്റ് നടത്തിയെന്നും ടൂർണമെന്റിന്റെ ഭാഗമായി നിശാപാർട്ടി സംഘടിപ്പിച്ചിരുന്നുവെന്നും ആരോപണമുയർന്നു. എന്നാൽ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിന് നേരത്തെ കോവിഡ് ഉണ്ടായിരുന്നെന്നും ഇതുമറച്ചുവെച്ച് താരം ടൂർണമെന്റിൽ പങ്കെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോക്കോവിച്ചിന്റെ അച്ഛൻ വ്യക്തമാക്കുന്നു. ആർടിഎൽ ക്രൊയേഷ്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോക്കോവിച്ചിന്റെ മാതാപിതാക്കൾ.

ടൂർണമെന്റിന്റെ രണ്ടാം പാദം നടന്ന ക്രൊയേഷ്യയിൽ നിന്ന് ബെൽഗ്രേഡിലെത്തിയ ഉടൻ ജോക്കോവിച്ചും ഭാര്യയും മക്കളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നു. ഈ പരിശോധയിലാണ് ലോക ഒന്നാം നമ്പർ താരത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മക്കളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതിന് പിന്നാലെ ക്ഷമാപണവുമായി ജോക്കോവിച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് താരം എല്ലാവരോടും ക്ഷമ ചോദിച്ചത്.

നേരത്തെ ടൂർണമെന്റിൽ പങ്കെടുത്തവരിൽ ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്റിന്റെ ഫൈനൽ മത്സരം റദ്ദാക്കി. പിന്നാലെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, സെർബിയയുടെ വിക്ടർ ട്രോയ്സ്ക്കി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്സാണ്ടർ സവരേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

content highlights: Novak Djokovics parents hit back at critics after Serbian star tests positive for COVID 19