ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലേനയും കോവിഡ് മുക്തരായി. കോവിഡ്-19 സ്ഥിരീകരിച്ച് പത്താം ദിവസം വീണ്ടും നടത്തിയ പരിശോധനയിൽ ഇരുവരും നെഗറ്റീവ് ആയതായി സെർബിയൻ താരത്തിന്റെ വക്താവ് വ്യക്തമാക്കി. വ്യാഴാഴ്ച്ച ബെൽഗ്രേഡിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് ഇരുവരും നെഗറ്റീവായത്. രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ജോക്കോവിച്ചും ഭാര്യയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്ത് ദിവസമായി സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിലെ വീട്ടിൽ ഐസോലേഷനിലായിരുന്നു.

ബാൾക്കൻ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്റിൽ നിന്നാണ് ജോക്കോവിച്ചിന് കോവിഡ് ബാധിച്ചത്. സമ്പർക്കത്തിലൂടെ ജോക്കോവിച്ചിന്റെ ഭാര്യയ്ക്കും രോഗം പടർന്നു. എന്നാൽ ഇരുവരുടേയും കുഞ്ഞുങ്ങളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

ജോക്കോവിച്ച് ഉൾപ്പെടെ ബെൽഗ്രേഡിലും സദറിലുമായി നടന്ന പ്രദർശന ടൂർണമെന്റിൽ പങ്കെടുത്ത നാല് താരങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, സെർബിയയുടെ വിക്ടർ ട്രോയസിക്കി എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ജോക്കോവിച്ചിന്റെ ടെസ്റ്റും പോസിറ്റീവായി. ജോക്കോവിച്ചുമായി സമ്പർക്കമുണ്ടായിരുന്ന പരിശീലകൻ ഇവാനിസെവിച്ചും എൻ.ബി.എ താരം നിക്കോള ജോക്കിച്ചും തുടർന്ന് ടെസ്റ്റിന് വിധേയരായി. ഇരുവരുടേയും പരിശോധനാഫലവം പോസിറ്റീവായിരുന്നു.

കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച ജോക്കോവിച്ചിനെതിരേ മുൻതാരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങൾ കാറ്റിൽപറത്തി, സാമൂഹിക അകലം പാലിക്കാതെ ബാസ്ക്കറ്റ്ബോൾ കളിച്ചതും നൈറ്റ് പാർട്ടി സംഘടിപ്പിച്ചതും വിമർശനത്തിന് കാരണമായി. എന്നാൽ നല്ല ഉദ്ദേശത്തോടെയായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും അത് ഇങ്ങനെ ആയിത്തീരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വ്യക്തമാക്കി ജോക്കോവിച്ച് പിന്നീട് രംഗത്തെത്തിയിരുന്നു.