ന്യൂഡല്‍ഹി: ഇരട്ടപദവി വിവാദത്തില്‍ തനിക്ക് നോട്ടീസ് അയച്ച ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയ്‌നിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. 

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉപദേശകനായും പ്രവര്‍ത്തിക്കുന്നുണ്ട്. ഗാംഗുലിയുടെ ഈ ഇരട്ടപദവിയില്‍ ഭിന്നതാത്പര്യങ്ങളുണ്ടെന്ന ആരോപണവുമായി നേരത്തെ മൂന്നു പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ ആരോപണത്തില്‍ ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍, ഗാംഗുലിയോട് വിശദീകരണം തേടിയത്. 

ഇക്കാര്യത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പ്രത്യേക താത്പര്യങ്ങളുമില്ലെന്ന് ഗാംഗുലി ഓംബുഡ്‌സ്മാനയച്ച കത്തില്‍ പറയുന്നു. ബി.സി.സി.ഐയുടെ ഭരണഘടന മറികടന്നുള്ള ഒരു നടപടിയും താത്പര്യവും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി. 

നിലവില്‍ താന്‍ ബി.സി.സി.ഐയിലെ ഒരു പദവിയും വഹിക്കുന്നില്ല. ബി.സി.സി.ഐയുടെ ഉന്നതാധികാര സമിതിയിലോ, ബി.സി.സി.ഐക്ക് കീഴിലുള്ള ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളിലോ അംഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതുപോലെ തന്നെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഭരണസമിതിയുമായോ മാനേജ്‌മെന്റ് കമ്മിറ്റികളുമായോ താന്‍ യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. നേരത്തെ ബി.സി.സി.ഐ ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും ഐ.പി.എല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും ഭാഗമായിരുന്നെങ്കിലും ഇതില്‍ നിന്നെല്ലാം താന്‍ രാജിവെച്ചിരുന്നുവെന്നും ഗാംഗുലി കത്തില്‍ കുറിച്ചു.

Content Highlights: no conflict of interest says sourav ganguly to bcci ombudsman on his dual role