ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാന്‍ ദ്രാവിഡ് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ആജ് തക് ചാനലിനോടാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ' ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വിവരം ഉടന്‍ തന്നെ പുറത്തുവിടും.' - ഗാംഗുലി പറഞ്ഞു. 

ഇപ്പോള്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ പരിശീലകനായ രവിശാസ്ത്രി ഇന്ത്യന്‍ ടീമില്‍ നിന്ന് പടിയിറങ്ങും. ഇതോടെ പുതിയ പരിശീലകനായി ദ്രാവിഡിലേക്ക് ഏവരുടെയും ശ്രദ്ധ പതിക്കുകയായിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. 

ദ്രാവിഡിനെ പരിശീലകനാക്കാന്‍ മുന്‍കൈ എടുത്തത് ഗാംഗുലിയായിരുന്നു. പരിശീലകനായാല്‍ ശമ്പളമായി 10 കോടി രൂപയും ബോണസും നല്‍കാമെന്നും ഗാംഗുലി പറഞ്ഞിട്ടുണ്ട്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനെന്ന നിലയില്‍ ദ്രാവിഡിന് ഏഴ് കോടി രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 

ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുമെന്നാണ് ഏവരും കരുതുന്നത്. ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുത്താല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി വി.വി.എസ് ലക്ഷ്മണിനെയാണ് പരിഗണിക്കുന്നത്. 

Content Highlights: No confirmation on Rahul Dravid's appointment as head coach says Sourav Ganguly