Image Courtesy: Twitter
മുംബൈ: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഈ ദാരുണ സംഭവത്തിനെതിരേ രംഗത്തെത്തുന്നത്.
കായിക താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു പിന്നാലെ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും.
'നമ്മള്‍ ക്രൂരന്മാരാണ്. നമ്മള്‍ പഠിക്കുന്നില്ലേ? കേരളത്തിലെ ആനയ്ക്ക് സംഭവിച്ചത് ഹൃദയഭേദകമായിരുന്നു. ഒരു മൃഗവും ക്രൂരത അര്‍ഹിക്കുന്നില്ല', സംഭവത്തെ അപലപിച്ച് രോഹിത് ട്വിറ്ററില്‍ കുറിച്ചു.
ആനയ്ക്ക് പൈനാപ്പിളില്‍ സ്ഫോടക വസ്തു നിറച്ച് നല്‍കിയവര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി തന്നെ സ്വീകരിക്കണമെന്ന് റെയ്‌ന കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
'മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു നാണംകെട്ട സംഭവമാണിത്. മൃഗങ്ങളോട് ദയയോടെ പെരുമാറിയതു കൊണ്ട് മനുഷ്യന് ഒന്നും നഷ്ടപ്പെടാനില്ല. പാവം ജീവിക്ക് പൈനാപ്പിളില്‍ സ്ഫോടക വസ്തു നിറച്ച് നല്‍കിയവര്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി തന്നെ കേരള മുഖ്യമന്ത്രി സ്വീകരിക്കണം', ഇതായിരുന്നു റെയ്‌നയുടെ ട്വീറ്റ്.
അതേസമയം ഇതേ സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ റെയ്‌ന പങ്കുവെച്ച ചിത്രത്തിനു താഴെ പ്രതികരണവുമായി ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി. ഈ ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സാധിച്ചിട്ടില്ലെന്നും അവള്‍ എത്രത്തോളം വേദനയാണ് സഹിച്ചിട്ടുണ്ടാകുക എന്നോര്‍ത്ത് കടുത്ത ദുഃഖം തോന്നുന്നുവെന്നും ഭാജി കുറിച്ചു. ഈ പ്രവര്‍ത്തി ചെയ്തത് ആരായാലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് യാദവും കെ.എല്‍ രാഹുലും സംഭവത്തില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സംഭവത്തെ അപലപിച്ചിരുന്നു.
തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറില്‍. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ച ശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്‌വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.
മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ പുറത്തേക്കുകൊണ്ടുവന്ന് ചികിത്സ നല്‍കാന്‍ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും ബുധനാഴ്ച വൈകീട്ട് നാലോടെ വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ആന ചരിയുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി.
Content Highlights: No animal deserves cruelty cricketers Condemn killing of pregnant Kerala elephant after swallowing pineapple stuffed cracker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..