തൃശ്ശൂര്‍: 2020-ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിനെ ചെസ് ഡോട്ട് കോം തിരഞ്ഞെടുത്തു. 

ചെസ് ഒളിമ്പ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീം അംഗവും ഏഷ്യന്‍ നേഷന്‍സ് കപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗവുമാണ് പതിനാറുകാരനായ നിഹാല്‍. കൊനേരു ഹംപിയെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂര്‍ണമെന്റില്‍ അണ്ടര്‍-18 വിഭാഗത്തില്‍ നിഹാല്‍ സ്വര്‍ണം നേടിയിരുന്നു. 

കാര്‍പ്പോവ് റാപിഡ് ചെസില്‍ (ഫ്രാന്‍സ്) സ്വര്‍ണം, ലോക ജൂനിയര്‍ സ്പീഡ് ചെസ് ചാമ്പ്യന്‍, ചെസ് ബേസ് ഇന്ത്യയുടെ ജൂനിയര്‍ ചാമ്പ്യന്‍ എന്നീ നേട്ടങ്ങളും പരിഗണിച്ചാണ് ഈ രംഗത്തെ പ്രധാന വെബ്‌സൈറ്റായ ചെസ് ഡോട്ട്‌കോം നിഹാലിനെ മികച്ച താരമായി തിരഞ്ഞെടുത്തത്. 

തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. ഗോവയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ലിയോണ്‍ ലൂക് മെന്‍ഡോന്‍കയെ ജൂനിയര്‍ താരമായി തിരഞ്ഞെടുത്തു.

Content Highlights: Nihal Sarin has been named the Best Indian Chess Player of 2020