
-
ലിസ്ബൺ: യുവേഫല ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രം കുറിക്കാനൊരുങ്ങുന്ന പി.എസ്.ജിയുടെ ആരാധകർ ആശങ്കയിൽ. ആർബി ലെയ്പ്സിഗിനെതിരായ സെമിയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജഴ്സി കൈമാറിയ സൂപ്പർ താരം നെയ്മറെ ഫൈനലിൽ വിലക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. നെയ്മറിന് കലാശപ്പോരിൽ വിലക്ക് വരാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മത്സരശേഷം ലെയ്പ്സിഗ് താരം മാർസൽ ഹാൽസ്റ്റൻബെർഗുമായി ജഴ്സി കൈമാറിയതിലൂടെ താരം കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നാണ് ആരോപണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യുവേഫ പുറത്തിറക്കിയ 31 പേജുകളുള്ള പ്രോട്ടോക്കോൾ നിർദേശങ്ങൾ ഇതേക്കുറിച്ചും പരാമർശമുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മത്സരശേഷം താരങ്ങൾ സാധാരണ ചെയ്യുന്നതുപോലെ ജഴ്സി കൈമാറാൻ പാടില്ലെന്നാണ് പ്രോട്ടോകോളിലുള്ളത്. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരേ യുവേഫയുടെ ചട്ടമനുസരിച്ച് അച്ചടക്കനടപടിയുണ്ടാകും.
അതേസമയം ജഴ്സി കൈമാറുന്ന പതിവ് മാറ്റിവെയ്ക്കണമെന്നത് ഒരു നിർദേശം മാത്രമാണെന്നും യുവേഫയുടെ ചട്ടമല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. അങ്ങനെയെങ്കിൽ ചട്ടലംഘനത്തിന് താക്കീത് നൽകാമെന്നല്ലാതെ മത്സരത്തിൽ നിന്ന് വിലക്കാനാകില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..