വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ആമി സാട്ടര്‍ത്‌വെയ്റ്റും ടീമംഗം ലിയ തഹുഹുവും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തയായിരുന്നു. അപൂര്‍വമായ മറ്റൊരു വാര്‍ത്തയ്ക്ക് നടുവിലാണിപ്പോള്‍ ഈ സ്വവര്‍ഗദമ്പതിമാര്‍. ആമിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന് ഇരുവരും അറിയിച്ചു. അടുത്തവര്‍ഷം ജനുവരിയിലായിരിക്കും പ്രസവം.

അതേസമയം സാട്ടര്‍ത്‌വെയ്റ്റിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിക്കുകയും ചെയ്തു. അടുത്തിടെയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ്, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രസവാവധി അനുവദിച്ചുകൊണ്ട് നിയമം പരിഷ്‌കരിച്ചത്. ആമിക്ക് മുഴുവന്‍ പ്രതിഫലത്തോടുകൂടി പ്രസവാവധി നല്‍കുമെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് സി.ഇ.ഒ. ഡേവിഡ് വൈറ്റ് അറിയിച്ചു. ഇതോടെ ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ താരമെന്ന അപൂര്‍വതയും സാട്ടര്‍ത്‌വെയ്റ്റിനെ തേടിയെത്തി.

''സ്‌നേഹബന്ധം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ആനന്ദത്തിലാണ് ഞങ്ങള്‍. കുടുംബത്തിനുവേണ്ടി കളിയില്‍നിന്ന് ഇടവേള ആവശ്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഞങ്ങള്‍ക്ക് നല്‍കുന്ന വലിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. 2021-ലെ വനിതാ ലോകകപ്പോടെ കളിയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നു'', സാട്ടര്‍ത്‌വെയ്റ്റ് പറഞ്ഞു. 

New Zealand Women Cricket's Same-Sex Couple Announces Pregnancy

സ്വവര്‍ഗസ്‌നേഹം ന്യൂസീലന്‍ഡില്‍ നിയമവിധേയമാണ്. 2010 മുതല്‍ ഇരുവരും ഒന്നിച്ചാണ്. 2017-ല്‍ വിവാഹിതരായി. നിയമപരമായ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍, ഏതു മാര്‍ഗത്തിലൂടെയാണ് ഗര്‍ഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

32-കാരിയായ ആമി കിവീസിനായി 119 ഏകദിനങ്ങളും 99 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 28 കാരിയായ ലിയ തഹുഹു 66 ഏകദിനങ്ങളിലും 50 ട്വന്റി 20 മത്സരങ്ങളിലും കളത്തിലിറങ്ങി. 

പ്രസവാവധി എടുക്കുന്നതോടെ ന്യൂസീലന്‍ഡ് ക്യാപ്റ്റന് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ സാധിക്കില്ല.

New Zealand Women Cricket's Same-Sex Couple Announces Pregnancy

2013 ഓഗസ്റ്റ് 19 മുതല്‍ ന്യൂസീലന്‍ഡില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാണ്. 2013 ഏപ്രില്‍ 17-ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെത്തിയ ബില്‍ 44-ന് എതിരേ 77 വോട്ടുകള്‍ക്കാണ് പാസായത്.

Content Highlights: New Zealand Women Cricket's Same-Sex Couple Announces Pregnancy