ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പുതിയ സ്വതന്ത്ര ചെയര്‍മാനായി ന്യൂസീലന്‍ഡുകാരൻ ഗ്രെഗ് ബാര്‍ക്ലെയെ തിരെഞ്ഞെടുത്തു. രണ്ട് റൗണ്ട് വോട്ടിങ്ങിനുശേഷമാണ് ബാര്‍ക്ലെയെ തിരെഞ്ഞെടുത്തത്. ഇന്ത്യയുടെ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ ഐ.സി.സി. നിയോഗിച്ചത്. 

2015-ല്‍ സ്ഥാനമേറ്റ ശശാങ്ക് മനോഹര്‍ 2020 ജൂണ്‍ 30 നാണ് സ്ഥാനമൊഴിഞ്ഞത്. ഐ.സി.സി ചെയര്‍മാനാകുന്ന ആദ്യ ന്യൂസീലന്‍ഡ്കാരനാണ് ഗ്രെഗ് ബാര്‍ക്ലെ. 2012 മുതല്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറായി ചുമതലയേറ്റ ബാര്‍ക്ലെ നിലവില്‍ ഐ.സി.സിയില്‍ ന്യൂസീലന്‍ഡിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

2015 ക്രിക്കറ്റ് ലോകകപ്പ് നടക്കുമ്പോള്‍ അതിന്റെ പൂര്‍ണചുമതല അഭിഭാഷകൻ കൂടിയായ ബാര്‍ക്ലെ നിര്‍വഹിച്ചിട്ടുണ്ട്. 

Content Highlights: New Zealand’s Greg Barclay elected ICC chairman