ലോഡ്‌സ്: ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ ആരാധകര്‍ക്ക് മുള്‍മുനയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്. നെഞ്ചിടിപ്പേറ്റിയ മത്സരം. കളിക്കാരെപ്പോലെത്തന്നെ ആരാധകരും സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയത്. ഇതിനിടയില്‍ ന്യൂസീലന്‍ഡ് താരം ജിമ്മി നീഷാമിന് നഷ്ടപ്പെട്ടത് കുട്ടിക്കാലത്തെ പരിശീലകനും അധ്യാപകനുമായിരുന്ന ഡേവ് ഗോര്‍ദോനെയാണ്. 

ഫൈനലിലെ സൂപ്പര്‍ ഓവറിനിടെയാണ് ഗോര്‍ദോന്‍ അന്തരിച്ചത്. സൂപ്പര്‍ ഓവറില്‍ ജിമ്മി നീഷാം സിക്‌സ് അടിച്ച സമയത്ത് ഗോര്‍ദോന്‍ അവസാന ശ്വാസമെടുത്തു. സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിന് പക്ഷേ ഇംഗ്ലണ്ടിനെ മറികടക്കാനായില്ല. ഇരുടീമുകളുടേയും സ്‌കോര്‍ ഒരുപോലെ ആയതോടെ കൂടുതല്‍ ബൗണ്ടറിയടിച്ചെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. 

തന്റെ ആദ്യകാല പരിശീലകനെ കുറിച്ച് പിന്നീട് നീഷാം ട്വീറ്റ് ചെയ്തു. 'എന്റെ ഹൈസ്‌കൂള്‍ അധ്യാപികയും പരിശീലകനും സുഹൃത്തുമായ ഡേവ് ഗോര്‍ദോന്‍, ക്രിക്കറ്റിനോടുള്ള നിങ്ങളുടെ സ്‌നേഹം മറ്റുള്ളവരിലേക്കും പടരുന്നതായിരുന്നു. നിങ്ങളുടെ കീഴില്‍ കളിക്കാനായത് ഭാഗ്യമായി കരുതുന്നു. ഞങ്ങളുടെ നേട്ടത്തില്‍ നിങ്ങള്‍ അഭിമാനിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാത്തിനും നന്ദി. നീഷാം ട്വീറ്റ് ചെയ്തു.

 

Content Highlights: New Zealand all rounder Jimmy Neesham’s coach died during World Cup final Super