ന്യൂഡല്‍ഹി: സിഡ്‌നി ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹനുമ വിഹാരിയുടെ പ്രകടനം കണ്ടവരാരും മറക്കില്ല. പരിക്കേറ്റിട്ടിട്ടും ആ വേദന കടിച്ചമര്‍ത്തി മത്സരം സമനിലയിലാക്കാന്‍ വിഹാരി പൊരുതി നിന്നു. എന്നാല്‍ അതിനേക്കാള്‍ ആത്മസംതൃപ്തിയുള്ള ഒരു കാര്യം ചെയ്തതിന്റെ സന്തോഷത്തിലാണ് വിഹാരി ഇപ്പോള്‍. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്താനുള്ള പ്രയത്‌നത്തിലാണ് വിഹാരിയും.

ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറും ബെഡും കണ്ടെത്തി കൊടുക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി വിവരിക്കാനാകാത്തതാണെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിഹാരി പറയുന്നു. 100 വൊളന്റിയേഴ്‌സുള്‍പ്പെടുന്ന ഒരു ഗ്രൂപ്പുണ്ടാക്കി ആന്ധ്ര, തെലങ്കാന, കര്‍ണാടക മേഖലകളില്‍ ഹനുമാ വിഹാരി സഹായമെത്തിക്കുകയായിരുന്നു.

'സ്വയം പുകഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും താഴെതട്ടിലുള്ള ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്കാണ് സഹായം ആവശ്യമുള്ളത്. ഇതൊരു തുടക്കം മാത്രമാണ്.' വിഹാരി പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ആടിയുലഞ്ഞപ്പോള്‍ ആശുപത്രിയില്‍ ബെഡ് ലഭിക്കുക എന്നതുപോലും പ്രയാസമായി. ആലോചിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ എന്നെ ഫോളോ ചെയ്യുന്നവരെ ചേര്‍ത്ത് ഒരു ഗ്രൂപ്പുണ്ടാക്കി സഹായിക്കാന്‍ ഇറങ്ങുകയായിരുന്നു. അത്യാവശ്യ മരുന്നുകള്‍, ആശുപത്രിയിലെ കിടക്ക, പ്ലാസ്മ എന്നിവ താങ്ങാന്‍ കഴിയാത്ത ആളുകളെ ലക്ഷ്യമിട്ടായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.

100 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ഞാനുണ്ടാക്കി. അവര്‍ കഠിനധ്വാനം ചെയ്തു. നല്ല ഉദ്ദേശശുദ്ധിയോടെ നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ആളുകള്‍ നമ്മോടൊപ്പം വന്നുചേരും. ഭാര്യയും സഹോദരിയുമെല്ലാം വളന്റിയര്‍മാരായി കൂടെയുണ്ടായിരുന്നു. വിഹാരി പറയുന്നു.

Content Highlights: Never imagined getting hospital bed would be so difficult says Hanuma Vihari