കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ ഗുരുതര ആരോപണങ്ങളുമായി വെറ്ററന്‍ താരം ഷുഐബ് മാലിക്ക്. പാകിസ്താന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ പിടിയിലാണെന്നും താരങ്ങളുടെ ബന്ധങ്ങള്‍ മാനദണ്ഡമാക്കിയാണ് തിരഞ്ഞെടുപ്പെന്നും ഷുഐബ് മാലിക്ക് പറയുന്നു. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം നിര്‍ദേശിച്ച താരങ്ങളെ ഉള്‍പ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഷുഐബ് മാലിക്ക് രംഗത്തെത്തിയത്.

ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമുണ്ടാകും. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നമുക്ക് ദഹിക്കാനാകാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. താരങ്ങളുടെ ബന്ധങ്ങള്‍ നോക്കി തിരഞ്ഞെടുക്കുന്ന രീതി മാറ്റി അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിലെടുക്കാന്‍ ശ്രമിക്കണം. ഷുഐബ് മാലിക്ക് പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ബാബര്‍ അസം പറഞ്ഞ നിരവധി താരങ്ങളുണ്ട്. എന്നാല്‍ അവരെയൊന്നും ടീമിലേക്ക് പരിഗണിക്കാന്‍ ബോര്‍ഡ് താത്പര്യം കാണിച്ചില്ല. ടീമിനെ സംബന്ധിച്ച് ബോര്‍ഡിലെ ഓരോരുത്തര്‍ക്കും ഓരോ താത്പര്യം കാണും. എന്നാല്‍ ക്യാപ്റ്റന്റെ വാക്കുകള്‍ അന്തിമമായിരിക്കണം. കാരണം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നത് ക്യാപ്റ്റനും അദ്ദേഹത്തിന്റെ ടീമുമാണ്. ഷുഐബ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Content Highlights: Nepotism in Pakistan Cricket says Shoaib Malik