ദുബായ്: 31-ാം പിറന്നാള്‍ ദിനത്തില്‍ വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ്‍ ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരത്തിലും റഷ്യയുടെ നെപോമ്‌നിയാച്ചിയോട് സമനിലവഴങ്ങി.

രാജാവിന്റെ മുന്നിലെ കാലാളിനെ രണ്ടുകളം മുന്നോട്ടു തള്ളിക്കൊണ്ടാണ് കാള്‍സണ്‍ തുടങ്ങിയത്. നെപ്പോയാകട്ടെ പ്രിയപ്പെട്ട പ്രതിരോധമായ സിസിലിയന്‍ നൈഡോര്‍ഫിനു പകരം പെട്രോഫ് പ്രതിരോധം തിരഞ്ഞെടുത്തു. 17 നീക്കങ്ങളില്‍ ക്വീന്‍, ഒരു നൈറ്റ്, ഒരു ബിഷപ്പ് എന്നീ കരുക്കളെ പരസ്പരം വെട്ടിമാറ്റിയശേഷം താരതമ്യേന സങ്കീര്‍ണതകളില്ലാത്ത നിലയിലെത്തിയതോടെ സമനിലസൂചന കിട്ടി.

ഈസമയം ദീര്‍ഘനേരം ആലോചനയില്‍ മുഴുകിയ കാള്‍സണ്‍ വിജയത്തിനായി ശ്രമംനടത്തി. ആ നീക്കങ്ങളെ കൃത്യമായ നീക്കങ്ങളിലൂടെ നെപ്പോ അക്ഷോഭ്യനായി നേരിട്ടു. 30-ാം നീക്കത്തിനായി ലോകചാമ്പ്യന്‍ 30 മിനിറ്റ് ഗാഢചിന്തയിലാണ്ടു. മൂന്നുതവണ ഒരേ പൊസിഷന്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെടും എന്ന സാധ്യത വന്നതോടെ സമനിലയ്ക്ക് സമ്മതിച്ചു.

Content Highlights: Nepo Holds Carlsen With Petroff In Game 4 FIDE World Chess Championship