ന്യൂഡല്‍ഹി: പരിശീലനത്തിനായി ഇന്ത്യ വിട്ട് യു.എസിലേക്ക് പോയത് നാട്ടിലെ വിവാഹ ക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനെന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര.

ടോക്യോ ഒളിമ്പിക്‌സിനുശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന നീരജ് അടുത്തിടെ ഫിറ്റ്‌നസ് വീണ്ടെടുക്കാനും പരിശീലനത്തിനുമായി യു.എസിലേക്ക് പോയിരുന്നു. 

ഇത് നാട്ടിലെ വിവാഹ ക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന ശ്രദ്ധതിരിയല്‍ ഒഴിവാക്കാനും പരിശീലനത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കാനും വേണ്ടിയാണെന്നാണ് നീരജ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയതിനു പിന്നാലെ രാജ്യത്തിന്റെ ശ്രദ്ധ നീരജിലായിരുന്നു. ഇതോടെ ഉത്തരവാദിത്തങ്ങളും കൂടി. വിവിധ പരിപാടികളിലും വിവാഹങ്ങളിലും പങ്കെടുക്കാനുള്ള ക്ഷണങ്ങളും ഇക്കാലത്തിനിടയ്ക്ക് കൂടിവന്നു. 

'' ഞങ്ങള്‍, കായികതാരങ്ങള്‍ ഞങ്ങളുടെ കരിയറിലെ ഭൂരിഭാഗം സമയവും കുടുംബങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വേറിട്ടുനില്‍ക്കുകയും മത്സരങ്ങള്‍ക്കായി പരിശീലിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഒളിമ്പിക് മെഡല്‍ നേടിയതിനു ശേഷം പെട്ടെന്ന് ഞാന്‍ കുറേയേറെ ആളുകളെ കണ്ടുമുട്ടാനാരംഭിച്ചു. എനിക്കു ചുറ്റും നിന്ന് അവര്‍ സന്തോഷം പങ്കുവെച്ചു, പ്രശംസകള്‍ ചൊരിഞ്ഞു. എന്നാല്‍ അവ പലപ്പോഴും പ്രതീക്ഷകളുടെ ഭാരത്തിലേക്ക് നയിക്കുകയും അതുവഴി അത്ലറ്റുകള്‍ക്കിടയില്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും അത് പിന്നെ മാനസികാരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ശീലിച്ച അവസ്ഥയിലേക്ക് മടങ്ങേണ്ടത് ആവശ്യമാണ്. പരിശീലനത്തിലേക്ക് മടങ്ങിയതിന് ശേഷം ഞാന്‍ വീണ്ടും കൂടുതല്‍ ആശ്വാസം കണ്ടെത്തുകയാണ്.'' - നീരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''ഹരിയാനയില്‍ (ചോപ്രയുടെ നാട്) ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. അവിടെ വിവാഹ സീസണാണിത്. അതിനാല്‍ തന്നെ പല വിവാഹങ്ങള്‍ക്കും എനിക്ക് ക്ഷണമുണ്ട്. അതെല്ലാം എന്നെ തളര്‍ത്തിയിരുന്നു. ഇപ്പോള്‍ ഞാന്‍ സന്തോഷവാനാണ്. ഇവിടെ യു.എസില്‍ എനിക്കിപ്പോള്‍ ശ്രദ്ധ വ്യതിചലിക്കാതെ മനസ്സമാധാനത്തോടെ പരിശീലിക്കാന്‍ കഴിയുന്നുണ്ട്.'' - നീരജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: neeraj chopra revealed that he fleed away from india  because of wedding invitations