ഭുവനേശ്വര്‍: റെയില്‍വേയുടെ പാളം തെറ്റിച്ച് കേരള വനിതകള്‍ ദേശീയ വോളിബോളില്‍ ഹാട്രിക് കിരീടം തികച്ചു. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് റെയില്‍വേസിനെ തോല്‍പ്പിച്ചു (25-20, 27-25, 25-13).

പരിശീലകന്‍ ഡോ. സി. എസ്. സദാനന്ദന്റെ കീഴിലാണ് കേരളം തുടര്‍ച്ചയായ മൂന്നാം കിരീടം നേടുന്നത്. കെ.എസ്. ജിനിയാണ് ടീമിനെ നയിച്ചത്. പുരുഷ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് ഫൈനലില്‍ കേരളം റെയില്‍വേയെ തോല്‍പ്പിച്ചു (36-38, 25-18, 23-25, 25-21, 15-12).

അസമിനെ കീഴടക്കി ഹരിയാന കിരീടം (25-23, 25-18, 25-19) നേടി. വനിതാ ഫൈനലിലെ ആദ്യ രണ്ടു സെറ്റുകളില്‍ കടുത്തപോരാട്ടം നടന്നു. രണ്ടാം സെറ്റില്‍ ഓരോ പോയന്റിനും ഇരുടീമുകളും ശക്തമായി പോരാടി. മൂന്നാം സെറ്റില്‍ കാര്യമായ എതിര്‍പ്പില്ലാതെ കേരളം കിരീടമുറപ്പിച്ചു. 

സെറ്റര്‍ ജിനിയും ലിബറോ അശ്വതി രവീന്ദ്രനും അറ്റാക്കിങ്ങില്‍ ശ്രുതിയും തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നത് കേരള വിജയത്തില്‍ നിര്‍ണായകമായി. മൂന്നുതവണയും റെയില്‍വേസിനെയാണ് കേരളം ഫൈനലില്‍ കീഴടക്കിയത്. 

കേരള ടീം: കെ.എസ്. ജിനി, എം.ആര്‍. ആതിര, അഞ്ജുമോള്‍, അഞ്ജു ബാലകൃഷ്ണന്‍, എസ്. സൂര്യ, എം. ശ്രുതി, കെ.പി. അനുശ്രീ, എന്‍.എസ്. ശരണ്യ, കെ.ബി. വിജിന, മായ തോമസ്, അനഘ, അശ്വതി രവീന്ദ്രന്‍. രാധിക കപില്‍ദേവ് (സഹപരിശീലക). ചാര്‍ലി ജേക്കബ് (മാനേജര്‍).

കിരീടത്തിലെ ആനന്ദം

ദേശീയ വോളിയില്‍ ഹാട്രിക് തികച്ചതോടെ പരിശീലകന്‍ സദാനന്ദനുകീഴില്‍ കേരള വനിതാ ടീമിന്റെ കിരീടനേട്ടം അഞ്ചായി. മൂന്നു ദേശീയ കിരീടങ്ങള്‍ക്കൊപ്പം രണ്ടു ഫെഡറേഷന്‍ കപ്പ് വിജയങ്ങളുമുണ്ട്.

ചരിത്രത്തില്‍ ആദ്യമായാണ് വനിതാ ടീം ദേശീയ വോളിയില്‍ ഹാട്രിക് നേടുന്നത്. സഹപരിശീലക രാധിക കപില്‍ദേവിനും കിരീടവിജയങ്ങളില്‍ നിര്‍ണായക പങ്കുണ്ട്. കളിക്കാരും പരിശീലകരും തമ്മിലുള്ള രസതന്ത്രം വിജയത്തില്‍ പ്രധാനമായെന്ന് സദാനന്ദന്‍ പറഞ്ഞു.

Content Highlights: National volleyball championships Kerala women s team which completed a hat-trick of titles