
ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വര്‍ണമില്ലാത്ത ഒരു ദിനംകൂടി. ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് നാലാം ദിവസത്തെ സമ്പാദ്യം. വനിതകളുടെ ഹെപ്റ്റാത്തലണില്‍ മെറീന ജോര്‍ജ് വെള്ളി നേടിയപ്പോള്‍ വനിതകളുടെ ലോങ് ജമ്പില്‍ എയ്ഞ്ചല്‍ പി.ദേവസ്യയും പുരുഷന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സലും വെങ്കലം നേടി. മീറ്റ് അവസാനിക്കാന്‍ ഒരു ദിവസം കൂടി ശേഷിക്കെ ഒരു സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നില.
ഏഴ് ഫൈനലുകളുണ്ടായിരുന്ന തിങ്കളാഴ്ച ഒരു ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും പിറന്നു. വനിതകളുടെ ട്രിപ്പില്‍ ജമ്പില്‍ കര്‍ണാടകയുടെ ബി.ഐശ്വര്യയാണ് (14.14 മീറ്റര്‍) മയൂഖ ജോണിയുടെ 11 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തിയത്. പുരുഷന്മാരുടെ ഡിസ്കസ് ത്രോ-യില്‍ പഞ്ചാബിന്റെ കൃപാല്‍ സിങ് മീറ്റ് റെക്കോഡോടെ (60.31മീറ്റര്‍) സ്വര്‍ണം നേടി.
നിലവിലെ ചാമ്പ്യനായ ഏഞ്ചലിനെ (1.76 മീറ്റര്‍) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വനിതകളുടെ ലോങ് ജമ്പില്‍ തമിഴ്നാടിന്റെ ഗ്രസീന മെര്ലിയാണ് (1.82) സ്വര്‍ണം നേടിയത്. ഹരിയാണയുടെ റുബീന യാദവ്(1.78) വെളളിയും നേടി.
പുരുഷന്മാരുടെ 800 മീറ്ററില്‍ പാതിദൂരം പിന്നിട്ടപ്പോള്‍ ലീഡ് ചെയ്തിരുന്ന അഫ്സലിന് (1:49.82 മിനിറ്റ്) അവസാനമെത്തിയപ്പോള്‍ മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. തേഞ്ഞിപ്പാലത്ത് ഫെഡറേഷന് കപ്പില്‍ പുറത്തെടുത്ത പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ലെങ്കിലും ഈ ഇനത്തില്‍ ഹരിയാണയുടെ കൃഷണ് കുമാര്‍ (1:48.79 ) വ്യക്തമായ മേല്‍ക്കൈയോടെ സ്വര്‍ണം നേടി.
ഹെപ്റ്റാത്തലണില്‍ 15 പോയിന്റ് വ്യത്യാസത്തിലാണ് മറീനയ്ക്ക് സ്വര്‍ണം നഷ്ടമായത്. 4X400 മിക്സഡ് റിലേയില്‍ ടീം ഇന്ത്യ-ബി സ്വര്‍ണം നേടി. മലയാളി താരമായ അമോജ് ജേക്കബിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീം ഇന്ത്യ എ. ടീമിന് മിക്സഡ് റിലേ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
12 ഫൈനലുകളുള്ള അവസാന ദിവസത്തെ മത്സരങ്ങളില്‍ വനിതകളുടെയും പുരുഷന്മാരുടെയും 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കേരളത്തിന്റെ പ്രധാന മെഡല്‍ പ്രതീക്ഷ.
Content Highlights: National Senior Athletics Championship 2022 No Gold for Kerala on day 4
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..