Photo: Mathrubhumi
കൊച്ചി: കായിക കേരളത്തിന്റെ വലിയ പ്രതീക്ഷകളിലൊന്നായ ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് ഇത്തവണ റെഡ് സിഗ്‌നല്‍. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍കാരണം ഇത്തവണ ദേശീയ സ്‌കൂള്‍ കായികമേള നടക്കില്ല. കേരളത്തില്‍നിന്നുള്ള ഒട്ടേറെ സ്‌കൂള്‍ കായികതാരങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിജയികളായി ദേശീയമേളയ്ക്ക് യോഗ്യത നേടിയ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള സാധ്യതകളാണ് ഇതിലൂടെ നഷ്ടമാകുന്നത്.
സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോവിഡിന് പിന്നാലെ മറ്റൊരു ഗെയിംസിനും റെഡ് സിഗ്‌നല്‍ വീഴ്ത്തിയത്. ജനുവരി 17-ന് തിരഞ്ഞെടുപ്പു നടത്തി പുതിയ ഭാരവാഹികള്‍ വന്നെങ്കിലും അതിലും പ്രശ്‌നങ്ങള്‍ തുടരുകയാണ്. യോഗ്യതയില്ലാത്തവര്‍ അസോസിയേഷന്റെ ഭാരവാഹിത്വത്തിലെത്തിയെന്ന് കാണിച്ച് പരാതിയുന്നയിച്ചവര്‍ ഇത് സംബന്ധിച്ച് കേസ് കൊടുത്തിട്ടുണ്ട്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നെങ്കിലും ഈ അധ്യയനവര്‍ഷം തീരുന്നതിനുമുമ്പ് ദേശീയമേള നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ്.
ദേശീയമേളയിലേക്ക് യോഗ്യത നേടിയ കേരളത്തിലെ കുട്ടികള്‍ ക്യാമ്പ് കഴിഞ്ഞാണ് മേള നടക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയത്. തിരുവനന്തപുരത്ത് ഡിസംബറില്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിജയികളായി ദേശീയമേളയ്ക്ക് യോഗ്യത നേടിയവരെയാണ് ക്യാമ്പിലേക്ക് വിളിപ്പിച്ചത്. തിരുവനന്തപുരത്ത് നടത്തിയ നാലുദിവസത്തെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ പക്ഷേ, അതിനുശേഷം പറഞ്ഞയക്കുകയായിരുന്നു. കുട്ടികള്‍ക്ക് കിറ്റുള്‍പ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാനാണ് ക്യാമ്പ് നടത്തിയതെന്നും കായികാധ്യാപകര്‍ പറയുന്നു.
ദേശീയമേള നടക്കാതെവന്നാല്‍ 15 ശതമാനംവരെ ഗ്രേസ് മാര്‍ക്ക് നേടാനുള്ള സാധ്യതകളാണ് കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത്. ദേശീയമേളയില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് 15 ശതമാനവും വെള്ളി നേടുന്നവര്‍ക്ക് 13 ശതമാനവും വെങ്കലം നേടുന്നവര്‍ക്ക് 12 ശതമാനവും ഗ്രേസ് മാര്‍ക്ക് സാധ്യതയുണ്ടായിരുന്നു. കേരളത്തെ പ്രതിനിധാനംചെയ്ത് ദേശീയമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് 10 ശതമാനം ഗ്രേസ് മാര്‍ക്കും ലഭിച്ചിരുന്നു. ഇത്തവണ മേള നടക്കാത്ത സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് പൂര്‍ണമായി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കുട്ടികള്‍.
മേള നടന്നില്ലെങ്കിലും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ അവസരമൊരുക്കണമെന്നാണ് കായികാധ്യാപകര്‍ ആവശ്യപ്പെടുന്നത്. സര്‍വകലാശാലകള്‍ ചില ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാതെവരുമ്പോള്‍ നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി ഇവിടെയും കൊണ്ടുവരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights: national school games will not be possible this year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..